അഭിമാനത്തോടെ സ്വന്തം ഭൂമിയിൽ

വി കെ രഘുപ്രസാദ്
Published on Jul 16, 2025, 12:07 AM | 2 min read
തലമുറകളായി പാർക്കുന്ന മണ്ണ്. മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമകളുണ്ടവിടെ. പുതുതലമുറ സ്വപ്‌നങ്ങൾ കാണുന്നിടം. പക്ഷേ ആ ഭൂമി ഇന്നലെവരെ അവരുടെ സ്വന്തമായിരുന്നില്ല. അതൊരു നോവായി എന്നും അലട്ടി. ആ സങ്കടം സന്തോഷത്തിന് വഴിമാറി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിയ പട്ടയമേള. ജില്ലയിലെ 1,756 പേരുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ ആഹ്ലാദം നിറച്ചു.
സന്തോഷം, നന്ദി
പാലക്കാട്
ചൊവ്വാഴ്‌ച പട്ടയ വിതരണം നടന്ന ഹാളിൽനിന്ന് പുറത്തിറങ്ങുമ്പോൾ പാലക്കാട് നഗരസഭ ഡൊബ്ബൻ ഉന്നതിയിലെ പൊന്നമ്മയുടെ മുഖത്ത് ഒരു ആയുസ്സിന്റെ മുഴുവൻ ചിരിയുമുണ്ടായിരുന്നു. എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോൾ പട്ടയമടങ്ങിയ കവർ നെഞ്ചോടുചേർത്ത് അവർ പറഞ്ഞു. സന്തോഷം, നന്ദി. പൊന്നമ്മയ്‌ക്കുമാത്രമല്ല ഉന്നതിയിലെ രതി മണികണ്‌ഠൻ, രാജൻ, സുരേഷ്, മുരുകേശൻ, ചന്ദ്രൻ, സുബ്രഹ്മണ്യൻ എന്നിവർക്ക് പറയാനുള്ളതും ഇതുതന്നെ. കാലങ്ങളായി ആഗ്രഹിക്കുന്ന, സ്വന്തം ഭൂമിയുടെ രേഖ കിട്ടിയതിലുള്ള സന്തോഷം. അത് സമ്മാനിച്ച എൽഡിഎഫ് സർക്കാരിനോടുള്ള നന്ദി. പാലക്കാട് തമിഴ്‌നാടിന്റെ ഭാഗമായിരുന്ന കാലംമുതൽ തലമുറകളായി ഇവിടെ താമസിക്കുന്നവരാണ് ഉന്നതിയിലെ ഒമ്പതുപേർ. ഇവരിൽ ഏഴുപേർക്കാണ് പട്ടയം ലഭിച്ചത്. പട്ടയം ആവശ്യപ്പെട്ട് പലതവണ പലവാതിലുകളിൽ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. നഗരസഭ എൻഒസി നൽകാത്തതായിരുന്നു കാരണം. ഒടുവിൽ 2-023ൽ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന വീട്ടുമുറ്റ സദസ്സിൽ ഇവർ ആവശ്യമുന്നയിച്ചു. സർക്കാർ കാര്യക്ഷമമായി ഇടപെട്ടു. ഭൂമി ലഭ്യമാക്കാനുള്ള നിയമ–-സാങ്കേതിക തടസ്സങ്ങൾ വഴിമാറി. നഗരസഭ എൻഒസി അനുവദിച്ചു. സ്വന്തം ഭൂമിയുടെ പട്ടയം എന്ന സ്വപ്‌നം യാഥാർഥ്യമായി. "ഇനി സ്വന്തംമണ്ണിൽ അടച്ചുറപ്പുള്ളൊരു വീടുപണിയാം. സുരക്ഷിതമായി ജീവിക്കാം, സർക്കാർ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം' പട്ടയം നേടിയവർ ചിരിനിറഞ്ഞ മുഖവുമായി പറഞ്ഞു.
ഇത് ഞങ്ങളുടെ മണ്ണ്
പാലക്കാട്
കാലങ്ങളായി താമസിക്കുന്ന സർക്കാർ പുറമ്പോക്ക് ഭൂമിയുടെ അവകാശികൾ ആയതിന്റെ സന്തോഷത്തിലാണ് പാലക്കാട് വെസ്റ്റ് യാക്കരയിലെ പഴയംകളം സ്വദേശികൾ. ഇവിടെ താമസിക്കുന്ന പരേതനായ കുട്ടന്റെ ഭാര്യ പാറു, ചന്ദ്രൻ, പരേതനായ കുപ്പന്റെ മകൾ കുഞ്ചി, രാജൻ, അമ്മു, വെള്ളച്ചി, പാറു, കുഞ്ചി എന്നിവർക്കാണ് പട്ടയം ലഭിച്ചത്. ഭൂമിക്ക് പട്ടയം സംഘടിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നഗരസഭ എൻഒസി അനുവദിക്കാത്തതായിരുന്നു കാരണം. രണ്ടാം പിണറായി സർക്കാർ വന്നശേഷം പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തിയാണ് ലാൻഡ് അസൈന്റ്‌മെന്റ് പട്ടയം അനുവദിച്ചത്. സ്വന്തമായി വീടുള്ളവരാണെങ്കിലും ഭൂമിക്ക് രേഖയില്ലാത്തത് എക്കാലത്തും ഇവരുടെ ദുഃഖമായിരുന്നു. ഭൂമിയിലുള്ള മരങ്ങളോ മറ്റോ വിൽക്കാനോ, സർക്കാർ അനുകൂല്യങ്ങൾ സ്വന്തമാക്കാനോ ബാങ്ക് വായ്‌പകൾ എടുക്കാനോ ഇവർക്ക് ഇതുവരെ കഴിയുമായിരുന്നില്ല. ഈ പ്രയാസങ്ങളെല്ലാം മറികടന്ന് പുതുജീവിതം തുടങ്ങുകയാണിവിടെ.
ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം: മന്ത്രി
ഭൂരഹിതരില്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. ജില്ലയിൽ നടന്ന പട്ടയമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒമ്പതുവർഷം സംസ്ഥാനത്ത് 4,90000 പട്ടയങ്ങൾ വിതരണം ചെയ്തു. ഭൂരഹിതരായവർക്ക് അർഹതപ്പെട്ട ഭൂമി ലഭിക്കാൻ ചട്ടങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കും. പട്ടയം ലഭിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമായി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു.









0 comments