കലക്‌ടർ റിപ്പോർട്ട്‌ നൽകി

പറമ്പിക്കുളത്തെ പട്ടികവർഗ 
കുടുംബങ്ങളുടെ പരാതികൾ പരിഹരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 18, 2025, 12:00 AM | 1 min read

പാലക്കാട്

മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാർഡ്‌ പറമ്പിക്കുളത്ത്‌ താമസിക്കുന്ന 10 പട്ടികവർഗ കോളനിയിലെ 598 കുടുംബങ്ങളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കാൻ നടപടിയായി. പറമ്പിക്കുളം കാടാസ് നഗർ നിവാസികൾ സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ മനുഷ്യാവകാശ കമീഷൻ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കലക്ടർ തയ്യാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചു. രണ്ടുനിലകളിലുള്ള വീട് നിർമിക്കുന്നത്‌ പ്രായോഗികമല്ല. നിലവിലെ വീട് പൊളിച്ചാൽമാത്രമേ പുതിയത്‌ നിർമിക്കാനാകൂ. ഈ സമയത്ത് കുടുംബങ്ങൾക്ക് താമസിക്കാൻ ബദൽ സംവിധാനം ഒരുക്കണം. ഒരു ഹെക്ടറിൽ കുറവുള്ള സ്ഥലത്ത് അമ്പതോളം കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇവിടെ സ്ഥലപരിമിതിയുള്ളതിനാൽ ഫ്ലാറ്റ് മാതൃകയിൽ വീട് നിർമിക്കേണ്ടിവരുമെന്ന്‌ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ വനം വകുപ്പിൽ ആദിവാസി ക്ഷേമ ഭവന പദ്ധതികൾ ഇല്ലാത്തതിനാൽ പട്ടികവർഗ ക്ഷേമ വകുപ്പുമായി കൂടിയാലോചിക്കണമെന്നും കലക്ടർ അറിയിച്ചു. വൈദ്യുതി ഒരുക്കിനൽകുന്നത്‌ തമിഴ്നാടാണ്. സർവീസ് വയറും തെരുവുവിളക്കും മാറ്റുന്ന കാര്യം അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കും. കാടാസ് നഗറിൽ നിർമാണത്തിനും വികസന പദ്ധതികൾക്കും പരിസ്ഥിതി നിയമവും നിയന്ത്രണവും പരിഗണിക്കേണ്ടി വരും. പറമ്പിക്കുളം കടുവാ സങ്കേതമായതിനാൽ പുതുതായി റോഡ് നിർമിക്കാൻ കഴിയില്ല. നിലവിലെ റോഡ്‌ അറ്റകുറ്റപ്പണി നടത്തും. കുടിവെള്ള വിതരണം തടസ്സപ്പെടാതിരിക്കാൻ കെ രാധാകൃഷ്ണൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച്‌ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. എംപി ഫണ്ടിൽനിന്ന്‌ റേഷൻകട -കം -കരിയർ ഗൈഡൻസ് കെട്ടിടത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചു. ഇത് ലഭിച്ചാലേ പ്രവൃത്തി തുടങ്ങാനാവൂ എന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിൽരഹിതർക്ക് തൊഴിൽ നൽകാൻ മുതലമട പഞ്ചായത്ത് സെക്രട്ടറി സന്നദ്ധത അറിയിച്ചു. ലാൻഡ്‌ ബാങ്ക് പദ്ധതി പ്രകാരം ഭൂരഹിത പട്ടികവർഗക്കാർക്ക് ഭൂമി വാങ്ങി നൽകാനുള്ള നടപടി പുരോഗമിക്കുന്നു. കടവ് നഗറിൽ കൈവശാവകാശ രേഖയ്ക്ക് അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട നിയമങ്ങൾ പരിശോധിച്ച് നടപടിയെടുക്കും. കാടാസ് നഗറിൽ അപകടഭീഷണിയുള്ള മരങ്ങൾ താമസക്കാരുടെ ചെലവിൽ മുറിച്ചുമാറ്റാൻ അനുമതി നൽകുമെന്നും റിപ്പോർട്ടിലുണ്ട്‌. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാർക്ക് നൽകിയെങ്കിലും ആക്ഷേപം സമർപ്പിക്കാത്ത സാഹചര്യത്തിൽ കേസ് തീർപ്പാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home