■ പാലക്കാട് റെയിൽവേ ഡിവിഷൻ അക്കൗണ്ട്സിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു
ഇനി റെയിൽവേയുടെ ട്രാക്കിൽ കുതിക്കാൻ റിജോ

ചിറ്റൂർ
ഇനി കേരളത്തിനുവേണ്ടി മാത്രമല്ല, ഇന്ത്യൻ റെയിൽവേക്ക് വേണ്ടിയും റിജോയ് ഓടും. തിങ്കളാഴ്ച പാലക്കാട് റെയിൽവേ ഡിവിഷൻ അക്കൗണ്ട്സിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. കായിക മേഖലയിലെ മികവിനാണ് ജോലി ലഭിച്ചത്. ചിറ്റൂർ കോളേജിലെ മൂന്നാം വർഷ ഇക്കണോമിക്സ് പഠനം പൂർത്തിയാക്കിയ റിജോയ് അനുയോജ്യമായ മൈതാനമോ ഉപകരണങ്ങളോ ഇല്ലാതെയാണ് കായികരംഗത്ത് കുതിച്ചുയർന്നത്. കേരളത്തിനായി ജൂനിയർ, സ്കൂൾ തലങ്ങളിൽ 800, 1500, 3000 മീറ്ററുകളിൽ സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 2023–- 24 ഹരിയാനയിൽ നടന്ന ദേശീയ സീനിയർ മീറ്റിൽ 800 മീറ്ററിലും 4 x 400 മീറ്റർ റിലേയിലും വെള്ളിമെഡൽ, 2022-–- 23 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 1500 മീറ്ററിൽ വെള്ളി, 2024–- 25ൽ കോഴിക്കോട് നടന്ന യൂണിവേഴ്സിറ്റി മത്സരത്തിൽ 800 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണം, അതേവർഷം അന്തർസർവകലാശാല മീറ്റിൽ 800 മീറ്ററിൽ വെള്ളി മെഡൽ എന്നിവ നേടി. മൂന്നുവർഷം കേരളത്തിനായി ദേശീയ ഗെയിംസിൽ പങ്കെടുത്തു. ചിറ്റൂർ കോളേജ് ഗ്രൗണ്ടിലും പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും രാവിലെയും വൈകിട്ടും പരിശീലനം നടത്തും. മുൻ കേരള സ്പോർട്സ് കൗൺസിൽ കോച്ചും പുതുപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനുമായ എം അരവിന്ദാക്ഷനാണ് പരിശീലകൻ. വേലൂർ കമ്പാലത്തറ പി ജയശങ്കരന്റെയും വി നീനയുടെയും മകനാണ്. അനുജൻ ബിജോയ് തൃശൂർ സെന്റ്‌തോമസ് കോളേജിലെ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്. ദേശീയ ഗെയിംസിൽ സ്വർണം നേടിയ കായികതാരമാണ്.









0 comments