നെല്ല് സംഭരണം
ഒരാഴ്‌ചയ്‌ക്കുള്ളിൽ കൈയിൽ പണം, കർഷകർ ഹാപ്പി


സ്വന്തം ലേഖകൻ
Published on Nov 21, 2025, 02:00 AM | 1 min read
പാലക്കാട്
‘‘ഇൗ മാസം ആറിന് മില്ലുകാർ നെല്ലെടുത്തു. 11ന് പണം ബാങ്കിലെത്തിയതായി ഫോണിൽ മെസേജും. 13ന് തന്നെ എലപ്പുള്ളിയിലെ കനറാ ബാങ്കിന്റെ ശാഖയിൽപ്പോയി പാഡി രസീത് നൽകി കുറച്ച് പണം എടുത്തു. കഴിഞ്ഞദിവസമാണ് ബാക്കി വാങ്ങിയത്. ഇനി ബുദ്ധിമുട്ടില്ലാതെ രണ്ടാംവിള കൃഷിയിറക്കാം.’’– നെല്ലെടുത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ പണംകിട്ടിയ സന്തോഷത്തിലാണ് എലപ്പുള്ളി വേങ്ങോടി മുതലിത്തറയിലെ കർഷകനായ ബാലസുബ്രഹ്മണ്യം. വേങ്ങോടി പാടശേഖര സമതി വഴി 4.5 മെട്രിക് ടൺ നെല്ല് സംഭരിച്ചതിന് 1.36 ലക്ഷം രൂപ ബാലസുബ്രഹ്മണ്യത്തിന് ലഭിച്ചു. ഇദ്ദേഹത്തെ കൂടാതെ, ഡിസംബർ ഒന്നുവരെ നെല്ലളന്ന് സംഭരണത്തിന് മില്ലുകൾ അനുവദിച്ചുകിട്ടിയ കർഷകർക്കുള്ള തുക സപ്ലൈകോ ബാങ്കുകളിലെത്തിച്ചിട്ടുണ്ട്. പുതിയ സംഭരണവിലയായ 30 രൂപ നിരക്കിലാണ് പണം കർഷകരുടെ അക്കൗണ്ടിലെത്തിയത്. സഹകരണ സംഘങ്ങളുടെ ഇടപെടലിൽ നെല്ലെടുക്കുന്നതിന് മില്ലുകാർ തയ്യാറായതോടെ 1,606 കർഷകരിൽനിന്നാണ് ഇതുവരെ നെല്ല് സംഭരിച്ചത്. 261.4 ഹെക്ടർ ഭൂമിയിൽനിന്ന് 1,267 മെട്രിക് ടൺ നെല്ലെടുത്തു. ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട്, പട്ടാമ്പി താലൂക്കുകളിലെ 829 പാടശേഖരങ്ങളിൽ സംഭരണം പുരോഗമിക്കുകയാണ്. 2025–26 സംഭരണവർഷം ഒന്നാംവിളയിൽ 33,080 കർഷകർ നെല്ലുസംഭരണത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് സംഭരിച്ചത് 8057.65 മെട്രിക് ടൺ
ആലപ്പുഴ
കുട്ടനാട്ടിൽ വിളവെടുപ്പുകഴിഞ്ഞ പാടശേഖരങ്ങളിൽ നെല്ല് സംഭരണം ഉൗർജിതമായി മുന്നേറുകയാണെന്ന് പാഡി മാർക്കറ്റിങ് ഓഫ-ീസർ പറഞ്ഞു. ഒന്നാംവിള ഇതുവരെ കൊയ്‌ത്തുകഴിഞ്ഞത് 17,353.87 മെട്രിക് ടൺ നെല്ലാണ്. ഇതിനോടകം 3658 കർഷകരിൽനിന്നായി 8057.65 മെട്രിക് ടൺ നെല്ല് സംഭരിച്ചു. 42,290 മെട്രിക് ടൺ വിളവാണ് ഇൗ സീസണിൽ ആകെ പ്രതീക്ഷിക്കുന്നത്. അഞ്ചു മില്ലുകൾ സംഭരണ രംഗത്തുണ്ട്. അവയ്‌ക്ക് 15776.24 മെട്രിക് ടൺ നെല്ല് അലോട്ട് ചെയ്‌തു. ഇതുവരെ 44 ശതമാനം കൊയ്‌ത്ത് പൂർത്തിയായി. ചന്പക്കുളം ഭാഗത്ത് ഏറെക്കുറെ പൂർത്തിയായി. വലിയ പാടശേഖരങ്ങളിൽ മാത്രമാണ് ഇനിയും തീരാനുള്ളത്. അപ്പർ കുട്ടനാടൻ മേഖലയിൽ കൊയ്‌ത്ത് കഴിഞ്ഞിട്ടില്ല. അവിടെയും സംഭരണത്തിനുള്ള നടപടികൾ സ്വീകരിക്കുകയാണ്.








0 comments