കെ ഫോണ്‍ നെല്ലിയാമ്പതിയിലേക്കും

kfon kerala call center
വെബ് ഡെസ്ക്

Published on Sep 19, 2025, 06:14 PM | 1 min read

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയാറെടുത്ത് കെഫോണ്‍. ഇതിനായി നെല്ലിയാമ്പതി-കൊല്ലങ്കോട് ബാക്ക്‌ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെ ഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍ തയാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെ ഫോണ്‍.


ആദ്യ ഘട്ടത്തില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് (End of Service) കേന്ദ്രങ്ങള്‍ക്കായിരിക്കും കെഫോണ്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടര്‍ന്ന് ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കെഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം.


കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കെഫോണിന്റെ വലിയൊരു ചുവടുവയ്പ്പാണിത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലുടനീളം എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ല - കെ ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.


പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home