മാങ്കൂട്ടത്തിൽ കേരളത്തിലെ പ്രജ്വൽ രേവണ്ണ
ഒരുപാട് കേസുകൾ ഇനിയും വരും: പി സരിൻ

പാലക്കാട്
ലൈംഗികാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ട കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയുടെ കേരളത്തിലെ പതിപ്പ് ആരാണെന്ന് തെളിഞ്ഞതായി ഡോ. പി സരിൻ പറഞ്ഞു. ഷാഫിയും സതീശനും കൊണ്ടുനടന്നയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഈ മാന്യദേഹത്തിനെതിരെ ഒരുപാട് കേസുകൾ ഇനിയും വരുമെന്ന് പി സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരകൾക്കുമേൽ ചാടിവീഴുന്ന സ്വഭാവം ഇയാൾക്ക് മുമ്പേ ഉണ്ട്. ഇയാൾക്കെതിരെ പരാതി ഉയർന്നപ്പോൾ അത് ഇല്ലാതാക്കാൻ കൂട്ടുനിന്നവരെ കാണാതെ പോകരുത്. രാജിവച്ച പ്രസിഡന്റിനെക്കുറിച്ച് പരാതികൾ ലഭിച്ചിരുന്നോ എന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കണം. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കും പാലക്കാട് മണ്ഡലത്തിലേക്കും മാങ്കൂട്ടത്തിലിനെ പിൻഗാമിയായി കൊണ്ടുവന്നത് ഷാഫിയാണ്. എന്ത് യോഗ്യതയാണ് മാങ്കൂട്ടത്തിലിന് ഉള്ളതെന്ന് ഷാഫി വെളിപ്പെടുത്തണം. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് നിരവധി പ്രവർത്തകരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഒരു കെപിഎസ്‌ടിഎ പ്രവർത്തകയും ട്രാൻസ്‌ജെൻഡർ കോൺഗ്രസ് പ്രവർത്തകയും പരാതി നൽകിയതായി അറിയാം. രാഹുലിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. എന്നാൽ, അദ്ദേഹത്തിന് നൽകിയ പരാതി കഴിഞ്ഞ പ്രസിഡന്റിന്റെ കാലത്തെ സംഭവമല്ലേ എന്നുപറഞ്ഞ് സ്വീകരിച്ചില്ലെന്ന് ഒരു കോൺഗ്രസ് പ്രവർത്തക തന്നോട് പറഞ്ഞിട്ടുണ്ട്. സുധാകരന്റെ കാലത്ത് നൽകിയ പരാതികളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും കോൺഗ്രസ് വ്യക്തമാക്കണം. വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതിയുമായി വരും. കോൺഗ്രസിൽനിന്ന് ഇറങ്ങിപ്പോരാനുള്ള തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞെന്നും പി സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments