എസ്ഐഎഫ്എലിന് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് അംഗീകാരം

ഷൊര്‍ണൂരിലെ എസ്ഐഎഫ്എൽ
avatar
സ്വന്തം ലേഖകൻ

Published on Jul 26, 2025, 12:19 AM | 1 min read

ഷൊർണൂർ

ഹെലികോപ്റ്റർ നിർമാണത്തിലെ സംഭാവനയ്ക്ക് ഷൊര്‍ണൂര്‍ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് മെഷീനിങ് യൂണിറ്റിന് (എസ്ഐഎഫ്എൽ) ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ അംഗീകാരം. ബംഗളൂരുവിലെ ചടങ്ങിൽ അധികൃതർ അവാർഡ് ഏറ്റുവാങ്ങി. എയർഫോഴ്സിന്റെ യുദ്ധവിമാനം നിർമിക്കാൻ ഫോർജിങ് ഘടകങ്ങൾ മൂന്നുപതിറ്റാണ്ടായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന് നൽകുന്നത് എസ്ഐഎഫ്എൽ ആണ്. ഇതുവരെ 200ലധികം ഫോർജിങ്സുകൾ തദ്ദേശീയമായി വികസിപ്പിച്ചു. 1992 മുതൽ ബംഗളൂരുവിലെ എച്ച്എഎൽഎഫ് ആൻ​ഡ്​ എഫ് ഡിവിഷനിലേക്ക് ഫോർജിങ് നൽകുന്നുണ്ട്. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് മികച്ച പ്രകടനമാണ് കാഴ്ചവയ്​ക്കുന്നത്. തൃശൂർ ആസ്ഥാനമായ എസ്ഐഎഫ്എൽ പ്രതിരോധം, എയ്റോസ്​-പേസ്, ഓയിൽ ആൻഡ് ഗ്യാസ് ഓട്ടോമൊബൈൽ, റെയിൽവേ മേഖലകൾക്കായാണ് പ്രവര്‍ത്തിക്കുന്നത്. ഐഎസ്ആർഒയിലേക്കും ഡിആർഡിഒ ബ്രഹ്മോസ് എയ്റോസ് ലിമിറ്റഡ്, ഇന്ത്യൻ നേവി തുടങ്ങിയ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാർ അനുവദിച്ച 23 കോടി രൂപയുടെ ആധുനികവൽക്കരണം കമ്പനി പൂർത്തീകരിച്ചു. ആറ്‌ ടൺ ഓപ്പൺ ഹാമർ ഈ വർഷമാണ് സ്ഥാപിച്ചത്. ഈ സാമ്പത്തിക വർഷം 92 കോടി രൂപയുടെ വിറ്റുവരവ് കമ്പനി പ്രതീക്ഷിക്കുന്നു. വ്യവസായമന്ത്രി പി രാജീവിന്റെ ഇടപെടലുകളും കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുണ്ട്. 10 വർഷത്തേക്കുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെന്നും അഞ്ചുവർഷത്തിനകം 200 കോടി വിറ്റുവരവാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി ചെയർമാൻ അഡ്വ. ഷെറിഫ് മരയ്ക്കാർ, മാനേജിങ്‌ ഡയറക്ട‌ർ കമാൻഡർ പി സുരേഷ് എന്നിവർ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home