കുരുത്തിച്ചാലിൽ വരുന്നു ഇക്കോ ടൂറിസം


സ്വന്തം ലേഖകൻ
Published on Jul 17, 2025, 12:00 AM | 1 min read
മണ്ണാർക്കാട്
കുമരംപുത്തൂർ പഞ്ചായത്തിലെ കുരുത്തിച്ചാലിൽ വിനോദസഞ്ചാര പദ്ധതിക്ക് സാധ്യത ഒരുങ്ങുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി. ജനപ്രതിനിധികൾ, ഡിടിപിസി, റവന്യു, വനം, പൊലീസ്, എക്‌സൈസ് വകുപ്പ് പ്രതിനിധികളും പ്രദേശവാസികളുടെയും ആലോചനയോഗം ചേർന്നു. കുരുത്തിച്ചാലിലെ റവന്യു വകുപ്പിന്റെ ഭൂമി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കൈമാറിയാൽ പദ്ധതിപ്രവർത്തനം തുടങ്ങാനാകും. ഡിടിപിസി 1.30 കോടിയും ജില്ലാ പഞ്ചായത്ത് 25 ലക്ഷവും പഞ്ചായത്ത് അഞ്ച് ലക്ഷവും പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. കുരുത്തിച്ചാലിൽ അപകടമുണ്ടാകുന്ന പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. ഇതിന്റെ ഭാഗമായി നടപ്പാത, വ്യൂ പോയിന്റ്, ശൗചാലയങ്ങൾ, കഫ്തീരിയ എന്നിവയാണ് ഉൾപ്പെടുത്തിയത്. തൂക്കൂപാലം, കണ്ണാടിപ്പാലം കൂടാതെ സാഹസികവിനോദം എന്നിവയും ഭാവിയിൽ നടപ്പാക്കാനാണ് ഉദ്ദേശ്യം. ഒന്നരയേക്കർ ഭൂമിയാണ് പദ്ധതിക്കായി കണ്ടെത്തിയത്. റവന്യു വകുപ്പ് പാട്ടവ്യവസ്ഥയിലാണ് ഭൂമി ഡിടിപിസിക്ക് നൽകുക. ആദ്യ അഞ്ചുവർഷത്തെ പാട്ടത്തുക ഒഴിവാക്കി നൽകാൻ കലക്ടർ നിർദേശിച്ചു. ജില്ലാ പഞ്ചായത്തും പഞ്ചായത്തും നീക്കിവച്ച തുകകൊണ്ട് നടപ്പാക്കാവുന്നവ നവംബറിൽ പൂർത്തിയാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും ആവശ്യപ്പെട്ടു. ഒരാഴ്‌ചയ്‌ക്കകം ജില്ലാ പഞ്ചായത്തിൽ ഡിടിപിസി അധികൃതരുടെ യോഗം ചേരും. സന്ദർശകർ പുഴയിലേക്ക് ഇറങ്ങാത്തവിധമാകണം പദ്ധതിയെന്നും മൈലാംപാടം റോഡിൽനിന്ന് കുരുത്തിച്ചാലിലേക്ക് തിരിയുന്ന പ്രധാന പാതയിൽ കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുരുത്തിച്ചാലിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രാജൻ ആമ്പാടത്ത് അധ്യക്ഷനായി. എൻ ഷംസുദ്ദീൻ എംഎൽഎ, ടൂറിസം ഡെപ്യുട്ടി ഡയറക്‌ടർ അനിൽകുമാർ, ഡിടിപിസി സെക്രട്ടറി ഡോ. സിൽബർട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂർ കോൽക്കളത്തിൽ, സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡൻ സാജു വർഗീസ്, സിഐ എം ബി രാജേഷ്, ഭൂരേഖാ തഹസിൽദാർ ടിജോ ടി ഫ്രാൻസിസ്, ഡെപ്യൂട്ടി തഹസിൽദാർ സി വിനോദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ ഇന്ദിര മടത്തുംപള്ളി, പഞ്ചായത്തംഗം ഡി വിജയലക്ഷ്‌മി, ജോസ് കൊല്ലിയിൽ, രവി എന്നിവർ സംസാരിച്ചു.









0 comments