പാലക്കാട് നഗരത്തിൽ തെരുവുനായ–കന്നുകാലി ശല്യം രൂക്ഷം


സ്വന്തം ലേഖകൻ
Published on Jul 01, 2025, 12:22 AM | 1 min read
പാലക്കാട്
നഗരത്തിലെ റോഡുകളും നടപ്പാതകളും തെരുവുനായ്‌ക്കളും-- കന്നുകാലികളും കൈയടക്കിയിട്ടും നഗരസഭ മൗനത്തിൽ. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ അലഞ്ഞുതിരിയുന്ന ഇവ വാഹന യാത്രക്കാർക്കുണ്ടാക്കുന്ന ശല്യം ചില്ലറയല്ല. കന്നുകാലികൾ ഇടിച്ചും നായ്‌ക്കൾ കുറുകെച്ചാടിയും ഉണ്ടാകുന്ന അപകടങ്ങൾ പതിവാണ്. നഗരത്തിൽ മാലിന്യനീക്കം കാര്യക്ഷമമല്ലാത്തതിനാൽ റോഡരികിൽ തള്ളുന്ന മാലിന്യവും മറ്റ് ഭക്ഷിച്ച് കന്നുകാലികൾ അലഞ്ഞുതിരിയുകയാണ്. മാട്ടുമന്ത, കൽപ്പാത്തി, പുത്തൂർ, കൽമണ്ഡപം, ഒലവക്കോട്, വടക്കന്തറ, ശേഖരീപുരം, വലിയങ്ങാടി, ബിഒസി റോഡ് തുടങ്ങിയ പ്രദേശങ്ങളെല്ലാം തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. രാത്രിയിൽ ഇവ കാൽനടയാത്രക്കാരെയും ഇരുചക്രവാഹനയാത്രികരെയും ആക്രമിക്കുന്നത് പതിവാണ്. നഗരത്തിൽ നിരവധിപേരാണ് നായയുടെ കടിയേറ്റ് ദിവസവും ചികിത്സതേടുന്നത്. ഇത്രയൊക്കെയായിട്ടും നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ല. എബിസി പ്രോഗ്രാം കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് ഏക പോംവഴി. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ പരിമിതികളുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ വിശദീകരണം. ഒരു വർഷംമുമ്പ് നഗരസഭ കൊട്ടിഘോഷിച്ച് തെരുവിൽ അലയുന്ന കന്നുകാലികളെ പിടികൂടിയിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കുറച്ചുദിവസം മാത്രമായിരുന്നു നാടകം. പതുക്കെ കന്നുകാലി പിടിത്തംനിലച്ചു. ചെറിയ കന്നുകാലികൾക്ക് 5,000 രൂപയും വലുതിന് 10,000 രൂപയുമാണ് പിഴ ഈടാക്കിയത്. പിടികൂടുന്നവയെ കൃത്യമായി പരിചരിക്കാനും നഗരസഭ തയ്യാറായില്ല. മേലാമുറി, വെണ്ണക്കര, തിരുനെല്ലായി, ശേഖരീപുരം എന്നിവിടങ്ങളിലാണ് കന്നുകാലി ശല്യം രൂക്ഷം. പാലക്കാട് നഗരത്തിൽ ജില്ലാ ആശുപത്രി പരിസരത്ത് നഗരസഭാ കാര്യാലയത്തിന്റെ തൊട്ടുമുന്നിൽ ഇവ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട്.









0 comments