ഭാരതപ്പുഴയിലെ തിരച്ചിൽ അഞ്ചാംദിനം
സുഗണേശ്വരനെ കണ്ടെത്താനായില്ല

കുഴൽമന്ദം
ഭാരതപ്പുഴ മുട്ടിക്കടവ് തടയണയ്‌ക്കുപരിസരത്ത് അകപ്പെട്ട മാത്തൂർ സ്വദേശി സുഗണേശ്വരനായുള്ള തിരച്ചിലിൽ അഞ്ചാം ദിവസവും ഫലംകണ്ടില്ല. വ്യാഴാഴ്ച പാമ്പാടി, ലെക്കിടി, തോട്ടുമുക്ക്, ഞാവലിൻകടവ്, കാളികാവ്, മുട്ടിക്കടവ് എന്നിവിടങ്ങളാണ് പരിശോധിച്ചത്. പാലക്കാട്, ആലത്തൂർ, വടക്കഞ്ചേരി ഫയർ സ്റ്റേഷൻ യൂണിറ്റുകളിൽനിന്നായി 25 അംഗ ടീമാണ് തിരച്ചിൽ നടത്തിയത്. രാവിലെ എട്ടിന് ആരംഭിച്ച തിരച്ചിൽ വൈകിട്ട് അഞ്ചിന് സമാപിച്ചു. ഇടയ്ക്കിടെയുള്ള ശക്തമായ മഴയും നീരൊഴുക്കും പുഴയിലെ വലിയ പാറക്കെട്ടുകളും തടസ്സമാകുന്നുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങൾ സഞ്ചരിക്കുന്ന ബോട്ട് നിരവധിതവണ കേടുപാടുകൾ സംഭവിച്ചു. ചാർജ് ഓഫീസർ സി എ വിനോദ്കുമാർ ഇടപെട്ട് ഇവ പരിഹരിക്കുന്നുമുണ്ട്. പാലക്കാട് ഫയർ സ്റ്റേഷനിലെ ഓഫീസർ സുൽഫി, ആലത്തൂർ ഫയർ സ്റ്റേഷനിലെ അസിസ്റ്റന്റ് ഓഫീസർ സി എ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തിയത്. വെള്ളി രാവിലെ എട്ടുമുതൽ പരിശോധന പുനരാരംഭിക്കും. കലക്ടറുടെ ഉത്തരവ് ഉണ്ടാകുന്നതുവരെ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടായി മുട്ടിക്കടവ് തടയണ പരിസരത്താണ് ഞായറാഴ്ച പകൽ ഒന്നോടെ മാത്തൂർ തണ്ണിക്കോട് കുന്നംപറമ്പ് വീട്ടിൽ സുഗണേശ്വരൻ കുളിക്കാൻ ഇറങ്ങിയത്. സുഹൃത്തായ മാത്തൂർ തണ്ണീരങ്കാട് തോടുകാട് വീട്ടിൽ അഭിജിത്തിനോടൊപ്പമാണ് ഇറങ്ങിയത്. ഇരുവരും ഒഴുക്കിൽപ്പെട്ടു. അഭിജിത്തിനെ പ്രദേശവാസി രക്ഷപ്പെടുത്തി. സബിത – -അരപുളീശ്വരൻ ദമ്പതികളുടെ ഏക മകനാണ് സുഗണേശ്വരൻ.









0 comments