നെല്ല്‌ സംഭരണം

സഹകരണം സംഘങ്ങൾ ഇറങ്ങി; 
പിടിവാശിവിട്ട്‌ മില്ലുടമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Nov 11, 2025, 12:00 AM | 1 min read

പാലക്കാട്‌

കർഷരിൽനിന്ന്‌ നെല്ല്‌ സംഭരിക്കാൻ സഹകരണ സംഘങ്ങൾ രംഗത്തെത്തിയതോടെ പിടിവാശിവിട്ട്‌ മില്ലുടമകൾ. പാഠശേഖരങ്ങളിലെത്തി മില്ലുടമകൾ നേരിട്ട്‌ നെല്ല്‌ സംഭരിക്കാൻ തുടങ്ങി. തിങ്കളാഴ്‌ച എലപ്പുള്ളി പഞ്ചായത്തിലെ തേനാരി, പാലക്കോട്‌, കുപ്പന്തോട്‌, നെടുമ്പള്ളം, പള്ളത്തേരി തുടങ്ങി ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽനിന്ന്‌ മില്ലുടകൾ നെല്ലെടുത്തു. സർക്കാർ നിർദേശങ്ങൾ പാലിച്ചാണ്‌ സംഭരണം. ഇതോടെ കർഷകന്‌ സർക്കാർ നിശ്‌ചയിച്ച കൂടിയ വിലയായ 30 രൂപ കിട്ടും. നെല്ല്‌ സംഭരിക്കുന്നതിൽനിന്ന്‌ മില്ലുടമകൾ പിൻമാറിയതോടെയാണ്‌ സംസ്ഥാന സർക്കാർ സഹകരണ മേഖലയെ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്‌. സഹകരണ സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള മില്ലുകളിലേക്ക്‌ കർഷകൻ നേരിട്ട്‌ നെല്ല്‌ എത്തിക്കാനായിരുന്നു നീക്കം. ഇതിനുള്ള ഗതാഗത ചെലവും കർഷകൾക്കുള്ള പണവും സംഘങ്ങൾ നൽകും. മില്ലുകാർ നെല്ല്‌ അരിയാക്കി സപ്ലൈകോയ്‌ക്ക്‌ നൽകും. കർഷന്‌ നൽകിയ പണം സപ്ലൈകോ ഒരാഴ്‌ച്ചക്കകം സഹകരണ സംഘങ്ങൾക്ക്‌ നൽകും. ഇത്തരത്തിൽ 74 സഹകരണ സംഘങ്ങൾ ജില്ലയിൽ നെല്ല്‌ സംഭരിക്കാൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ്‌ മില്ലുടമകൾ അയഞ്ഞതെന്ന്‌ മണ്ണാർക്കാട്‌ സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്‌സൺ എം പുരുഷോത്തമൻ പറഞ്ഞു. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട്‌ മില്ലുടമകൾ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചിരുന്നു. കൈകാര്യച്ചെലവ്‌ വർധിപ്പിക്കണമെന്നും കുടിശ്ശിക നൽകണമെന്നുമായിരുന്നു മില്ലുടമകളുടെ പ്രധാന ആവശ്യം. ഇത്‌ അംഗീകരിക്കുകയും 65 കോടി അനുവദിക്കുകയും ചെയ്‌തു. 100 കിലോ നെല്ല്‌ സംഭരിച്ചാൽ 68 കിലോ അരി നൽകണമെന്ന കേന്ദ്ര അനുപാതം (ഒ‍ൗട്ട്‌ ടേൺ റേഷ്യൂ) 64.5 ആക്കണമെന്നാണ്‌ മില്ലുടമകളുടെ മറ്റൊരു ആവശ്യം. കേന്ദ്ര അനുപാതം മാറ്റാൻ സംസ്ഥാന സർക്കാരിന്‌ കഴിയില്ലെങ്കിലും കർഷകക്ഷേമം കണക്കിലെടുത്ത്‌ 66.5 കിലോ അനുപാതത്തിൽ അരി നൽകിയാൽ മതിയെന്നും വ്യക്തമാക്കി. നഷ്ടം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടർന്ന്‌ സഹകരിക്കാമെന്ന്‌ ഉറപ്പ്‌ നൽകിയ മില്ലുടമകൾ പിന്നീട്‌ നിലപാട്‌ മാറ്റി. ഒരു ക്വിന്റൽ നെല്ലിന്‌ 68 കിലോ എന്നത്‌ 64.5 ആക്കാതെ നെല്ലെടുക്കാൻ തയ്യാറല്ലെന്ന്‌ പ്രഖ്യാപിച്ചു. കൈകാര്യച്ചെലവിന്റെ പേരിൽ ജില്ലയിലെ 11 മില്ലുകൾക്ക്‌ ഏർപ്പെടുത്തിയ ജിഎസ്‌ടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ്‌ നെല്ല്‌ സംഭരണത്തിന്‌ സഹകരണ മേഖലയെ ഇടപെടുവിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home