ഏകീകൃത പെൻഷൻ പദ്ധതിയിൽ
ചേരാതെ കേന്ദ്രജീവനക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
വി കെ രഘുപ്രസാദ്‌

Published on Oct 10, 2025, 12:19 AM | 1 min read

പാലക്കാട്‌

ദേശീയ പെൻഷൻ പദ്ധതിയേക്കാൾ (എൻപിഎസ്‌) വിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്‌)യോട്‌ മുഖംതിരിച്ച്‌ ജീവനക്കാർ. ഏപ്രില്‍ ഒന്നുമുതൽ നടപ്പാക്കിയ പദ്ധതിയിൽ അഞ്ചുമാസം കഴിഞ്ഞിട്ടും ചേർന്നത്‌ 2.8 ശതമാനം പേർമാത്രം. എൻപിഎസിൽ അംഗമായ 24,64,437 ജീവനക്കാരിൽ 70,670 പേർമാത്രമാണ്‌ യുപിഎസ്‌ തെരഞ്ഞെടുത്തത്‌. സിവിൽ സർവീസ്‌– 21,366, തപാൽ –9,996, ടെലികോം– 130, റെയിൽവേ–18,204, പ്രതിരോധം– 7,058 എന്നിങ്ങനെയാണ്‌ യുപിഎസ്‌ തെരഞ്ഞെടുത്ത പ്രധാന വകുപ്പ്‌ ജീവനക്കാരുടെ എണ്ണം. മറ്റ്‌ വകുപ്പുകളിൽനിന്ന്‌ 13,916 പേരും ചേർന്നു. ഏപ്രിലിൽ തുടങ്ങിയ പദ്ധതിയിൽ ചേരാൻ ജൂലൈ 30 വരെയായിരുന്നു സമയപരിധി. പിന്നീട്‌ ഇത്‌ സെപ്‌തംബർ 30 വരെയാക്കി. എന്നിട്ടും ജീവനക്കാർ വിമുഖത കാട്ടുന്നതിനാൽ പദ്ധതിയിൽ ചേരാനുള്ള പരിധി നവംബർ 30 വരെ നീട്ടിയിട്ടുണ്ട്‌. ജീവനക്കാര്‍ 10 ശതമാനവും കേന്ദ്ര സർക്കാര്‍ 14 ശതമാനവും പെൻഷൻ വിഹിതം നൽകണമെന്നായിരുന്നു എൻപിഎസ്‌ വ്യവസ്ഥ. ഇതിന്റെ 60 ശതമാനം പെൻഷനായി നൽകാനും 40 ശതമാനം ഓഹരിവിപണിയിൽ നിക്ഷേപിക്കാനുമായിരുന്നു കേന്ദ്രതീരുമാനം. ജീവനക്കാരുടെ അധ്വാനത്തിന്റെ വില ചൂതാട്ടത്തിന്‌ വയ്‌ക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ഉയർന്നപ്പോഴാണ്‌ യുപിഎസ്‌ നടപ്പാക്കിയത്‌. ജീവനക്കാരുടെ വിഹിതം 10 ശതമാനം കേന്ദ്രവിഹിതം 10 ശതമാനം എന്നിങ്ങനെയാണ്‌ വ്യവസ്ഥ. ഇത്‌ വർഷങ്ങൾ സർവീസുള്ളവരുടെ പെൻഷൻ തുകയിൽ വലിയ കുറവുവരുത്തും. എൻപിഎസിൽനിന്ന്‌ യുപിഎസിലേക്ക്‌ മാറിയവർ ആനുകൂല്യം കിട്ടാതെ വലയുകയാണ്‌. ഏപ്രില്‍മുതൽ സെപ്‌തംബർവരെയുള്ള മാസങ്ങളില്‍ വിരമിച്ച നൂറുകണക്കിനുപേരുടെ പെൻഷൻ മുടങ്ങി. പദ്ധതിയിൽ ചേർന്നവരുടെ എണ്ണം കുറഞ്ഞതാണ്‌ ഇവർക്ക്‌ പെൻഷൻ അനുവദിക്കാതിരിക്കാൻ കാരണമായി അധികൃതർ പറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home