അരിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്
മുസ്ലിം ലീഗിൽ പൊട്ടിത്തെറി; ജില്ലാ ജനറൽ സെക്രട്ടറിയെ മാറ്റി

പാലക്കാട്
മണ്ണാർക്കാട് അരിയൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി രൂക്ഷം. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ടി എ സിദ്ദിഖിനെ സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനത്തുനിന്ന് മാറ്റി. അരിയൂർ സർവീസ് സഹകരണ ബാങ്ക് വിഷയത്തിൽ കെഎംസിസിയടക്കം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. തുടർന്ന്, ലീഗ് നിയോഗിച്ച പി അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 25 വർഷത്തോളം അരിയൂർ ബാങ്കിന്റെ പ്രസിഡന്റായിരുന്നു സിദ്ദിഖ്. ഇൗ കാലയളവിലാണ് 12 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. സിദ്ദിഖ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ബാങ്കിനെ ഉപയോഗിച്ചുവെന്നാണ് പരാതിയുയർന്നത്. പി എ സലാമാണ് പുതിയ ജില്ലാ ജനറൽ സെക്രട്ടറി. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖ് ലീവ് എടുത്തതാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.









0 comments