വ്യോമസേനാ ആസ്ഥാനം പാലക്കാട്ടുകാരൻ നിയന്ത്രിക്കും


സ്വന്തം ലേഖകൻ
Published on Jul 02, 2025, 12:30 AM | 1 min read
പാലക്കാട്
ന്യൂഡൽഹിയിലെ വ്യോമസേനാ ആസ്ഥാനത്തെ തന്ത്രപ്രധാന പദവിയിൽ പാലക്കാട്ടുകാരൻ. എയർ മാർഷൽ എസ് ശിവകുമാറാണ് എയർ ഓഫീസർ- ഇൻ- ചാർജ് അഡ്മിനിസ്ട്രേഷൻ (എഒഎ) ആയി ചുമതലയേറ്റത്. പാലക്കാട് പുത്തൂർ സ്വദേശികളായ സുകുമാരൻ–-തങ്കം ദമ്പതികളുടെ മകനാണ്. അച്ഛൻ ചെന്നൈയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നതിനാൽ തമിഴ്‌നാട്ടിലായിരുന്നു ശിവകുമാറിന്റെ പഠനം. പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് എംബിഎയും ഒസ്മാനിയ സർവകലാശാലയിൽനിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ എംഫിലും നേടി. 1990 ജൂണി-ൽ വ്യോമസേനയുടെ അഡ്മിനിസ്ട്രേഷൻ ബ്രാഞ്ചിൽ സർവീസിൽ പ്രവേശിച്ചു. 35 വർഷത്തിനിടെ നിരവധി സുപ്രധാന കമാൻഡ്, സ്റ്റാഫ് നിയമനങ്ങൾ വഹിച്ചു. ഫോർവേഡ് ബേസിലെ സീനിയർ എയർ ട്രാഫിക് കൺട്രോൾ ഓഫീസർ, കോംഗോയിലെ യുഎൻ മിഷനിൽ വ്യോമസേനാ പ്രതിനിധി, എയർഫോഴ്‌സ് എക്‌സാമിനർ, രണ്ട് ഓപ്പറേഷണൽ കമാൻഡുകളിൽ കമാൻഡ് വർക്ക്സ് ഓഫീസർ, കമാൻഡ് പേഴ്‌സണൽ സ്റ്റാഫ് ഓഫീസർ, എക്യുപ്‌മെന്റ് ഡിപ്പോയുടെ എയർ ഓഫീസർ കമാൻഡിങ്, എയർ ഹെഡ്ക്വാർട്ടേഴ്‌സിൽ അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എയർഫോഴ്‌സ് വർക്ക്സ്), ഓപ്പറേഷണൽ കമാൻഡിന്റെ സീനിയർ ഓഫീസർ- ഇൻ -ചാർജ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ചുമതല വഹിച്ചു. എയർ മാർഷൽ വ്യോമസേന ആസ്ഥാനത്ത് ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) ആയിരിക്കെയാണ് പുതിയ ചുമതലയിലേക്ക് പ്രവേശിക്കുന്നത്. മികച്ച സേവനത്തിന് വിശിഷ്‌ട സേവാമെഡൽ നേടിയിട്ടുണ്ട്.









0 comments