9 മാസം, 1,242 സംരംഭം
104.62 കോടിയുടെ നിക്ഷേപം, 2,954 പേർക്ക് തൊഴിൽ

വി കെ രഘുപ്രസാദ്
Published on Nov 07, 2025, 12:01 AM | 1 min read
പാലക്കാട്
ഓർമയില്ലേ സേതുമാധവനെ.... "ദാക്ഷായണി ബിസ്‌കറ്റ്‌സ്' എന്ന സ്ഥാപനം തുടങ്ങാനിറങ്ങി പെരുവഴിയിലായ മിഥുനം സിനിമയിലെ സംരംഭകനെ. അനുമതികൾക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത, മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെ. സംരംഭം തുടങ്ങാൻ വ്യവസായികൾ നട്ടംതിരിഞ്ഞ കാലം അവസാനിച്ചു. എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ സംരംഭങ്ങൾ വളരുകയാണ്, തടസ്സങ്ങളില്ലാതെ. 1,242 വ്യവസായ സംരംഭങ്ങളാണ് ഇൗ വർഷം പുതുതായി തുടങ്ങിയത്. 104.62 കോടി രൂപയുടെ നിക്ഷേപവും 2,954 പേർക്ക് തൊഴിലവസരവും ലഭിച്ചു. തദ്ദേശ സ്ഥാപനം, മലിനീകരണ നിയന്ത്രണ ബോർഡ്, കൂടുതൽ ജീവനക്കാരുള്ള വ്യവസായമാണെങ്കിൽ ഫാക്‌ടറീസ് ആൻഡ് ബോയിലേഴ്‌സ്, തൊഴിൽ വകുപ്പ് എന്നിവയുടെയെല്ലാം അനുമതി നേരത്തേ ആവശ്യമായിരുന്നു. 2022ൽ സംസ്ഥാന സർക്കാർ ഇൗ നിയമങ്ങൾ പരിഷ്‌കരിച്ചു. സംരംഭകർ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഏകജാലക സംവിധാനമായ കെ സ്വിഫ്‌റ്റ് പോർട്ടൽവഴി അപേക്ഷിച്ച് സ്വയം അക്ക്‌നോളജ്‌മെന്റ് എടുത്താൽ വ്യവസായം തുടങ്ങാം. മൂന്നുകൊല്ലത്തിനുശേഷം വകുപ്പുകളുടെ അനുമതി നേടിയാൽ മതി. സംരംഭകരെ സഹായിക്കാൻ പഞ്ചായത്തുകളിൽ ബിസിനസ് ഡെവലപ്‌മെന്റ് സർവീസ് പ്രൊവൈഡറെയും (ബിഡിഎസ്‌പി) നിയമിച്ചു. ജില്ലയിൽ 45 ബിഡിഎസ്‌പിമാരാണ് ഉള്ളത്. ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ്–132, ഗ്ലാസ് ആൻഡ് സെറാമിക്‌സ്–രണ്ട്, മെക്കാനിക്കൽ, ജനറൽ, ലൈറ്റ് എൻജിനിയറിങ് –47, ഐടി ആൻഡ് ഐടിഇഎസ്–അഞ്ച്, ഐടി ഹാർഡ്‌വെയർ–മൂന്ന്, റബർ പ്രൊഡക്ട്‌സ്–നാല്, കെമിക്കൽ–മൂന്ന്, പ്ലാസ്‌റ്റിക്–രണ്ട്, പേപ്പർ പ്രൊഡക്ട്‌സ്–നാല്, ഫ്രൂട്ട്‌സ് ആൻഡ് ഫുഡ് ബെസ്‌ഡ് പ്രൊഡക്ട്‌സ്–44, വുഡ് പ്രൊഡക്ട്‌സ്–എട്ട്, പ്രിന്റിങ് ആൻഡ് അലൈഡ്–എട്ട്, ബിൽഡിങ് മെറ്റീരിയൽസ്–22, റെക്‌സിൻ ആൻഡ് ലെതർ പ്രൊഡക്ട്‌സ്–10, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്–17, -ഫാർമസ്യൂട്ടിക്കൽസ്–എട്ട്, ആയുർവേദ പ്രൊഡക്ട്‌സ്– എട്ട്, ഫുഡ് ആൻഡ് അഗ്രോ ബെയ്‌സ്‌ഡ് പ്രൊഡക്ട്‌സ്–149, സിമന്റ് ഉൽപ്പന്നങ്ങൾ–മൂന്ന് എന്നിവയാണ് പുതിയ സംരംഭങ്ങൾ.









0 comments