ബ്ലോക്ക് പഞ്ചായത്ത് സീറ്റ് ക്വാറി മുതലാളിക്ക്
‘പണമില്ലെങ്കിൽ സീറ്റില്ലെന്ന്’ എഫ്ബി പോസ്റ്റിട്ട് യൂത്ത് കോൺഗ്രസ് നേതാവ്

സ്വന്തം ലേഖകർ മുക്കം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശേരി ഡിവിഷനിലേക്ക് യൂത്ത് കോൺഗ്രസുകാരേയും സാധാരണ പ്രവർത്തകരേയും തഴഞ്ഞ് ക്വാറി മുതലാളിക്ക് സീറ്റ് നൽകിയതിൽ കോൺഗ്രസിൽ കലാപക്കൊടി. പാർടിക്കുവേണ്ടി അഹോരാത്രം പണിയെടുക്കുന്ന പ്രവർത്തകരെ പരിഗണിക്കാതെ സീറ്റ് ക്വാറി മുതലാളിക്ക് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമദ് ദിശാലിന്റെ ‘പണമില്ലെങ്കിൽ സീറ്റില്ല' എന്ന ഫേസ്ബുക്ക് പോസ്റ്റ് കോൺഗ്രസിനെ വെട്ടിലാക്കി. വർഷങ്ങളായി പാർടിയിൽ സജീ വമല്ലാത്ത, ക്വാറി ബിസിനസ് നടത്തുന്ന ഷുഹൈബ് എന്ന കൊച്ചുമോനാണ് കോൺഗ്രസ് സീറ്റ് നൽകിയത്. പാർടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നിരവധി പേർ ഉണ്ടായിട്ടും പണമുണ്ടെന്ന ഒറ്റ കാരണത്താൽ ആരെയെങ്കിലും സ്ഥാനാർഥിയാക്കുന്നതിൽ പാർടിയിൽ വലിയ പ്രതിഷേധമുണ്ടെന്നും ദിശാൽ പറയുന്നു. "അഞ്ചാണ്ടിലൊരിക്കൽ തെരഞ്ഞെടുപ്പ് കാലത്തുമാത്രം തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന മുതലാളിമാർക്ക് അധികാരം പതിച്ചുനൽകുമ്പോഴും നമ്മളിങ്ങനെ സമരങ്ങളായി, സംഘടനാ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്നും ‘കൈയിലുള്ളത് കറൻസിയല്ല പാർടിയുടെ പതാക’യാണെന്ന് യൂത്ത് നേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇതോടെ കോൺഗ്രസിന്റെ വോട്ടു കച്ചവടത്തിനെതിരെ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.








0 comments