കോഴിക്കോടൻ സമരമുഖങ്ങളിൽ
കോഴിക്കോടൻ സമരമുഖങ്ങളിൽ ജ്വലിച്ച് വി എസ്

മുതലക്കുളത്ത് നടന്ന എൽഡിഎഫ് തെരെഞ്ഞെടുപ്പ് യോഗത്തിൽ വിഎസ് അച്യുതാനന്ദൻ സംസാരിക്കുന്നു (ഫയല്‍ ചിത്രം)
പി വി ജീജോ
Published on Jul 22, 2025, 01:59 AM | 2 min read
കോഴിക്കോട്: കോഴിക്കോടിന്റെ ഹൃദയത്തിൽ പല മുഖങ്ങളിൽ ഭാവങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന വി എസിനെ കാണാം. ജീരകപ്പാറ മുതൽ ഐസ്‌ക്രീം വരെയുള്ള വിഷയങ്ങളിൽ കോഴിക്കോടൻ രാഷ്‌ട്രീയ ചരിതത്തിൽ വി എസിന്റെ പേര് ആഴത്തിൽ പതിഞ്ഞുകാണാം. ജീരകപ്പാറയിൽ പച്ചപ്പാർന്ന കാടും മേടും തുഷാരഗിരി വെള്ളച്ചാട്ടം കുളിരല വീശുകയും ചെയ്യുമ്പോൾ മനസ്സിൽ വരുന്ന നിത്യഹരിതമായ ഓർമയാണ് വി എസ് അച്യുതാനന്ദൻ.
ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ ക്രിമിനലുകളായ രാഷ്‌ട്രീയനേതൃത്വത്തിനെതിരെ തെരുവിലും കോടതിമുറിയിലും പോരാടിയ പോരാളിയായും വി എസിനെ ഈ നാട് അടയാളപ്പെടുത്താം. കോഴിക്കോട്ടെ ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ നീതിക്കായുള്ള സമരത്തിൽ അവസാനനിമിഷംവരെ വി എസ് അടിയുറച്ചുനിന്നു. ഐസ്‌ക്രീം പാർലർ കേസിൽ സുപ്രീംകോടതിവരെയെത്തിയ നിയമയുദ്ധത്തിന് വി എസ് തുടക്കംകുറിച്ചത് കോഴിക്കോട്ടെ കോടതിയിൽനിന്നായിരുന്നു. മാറാടും നാദാപുരവും അശാന്തമായപ്പോഴും വി എസ് എന്ന കമ്യൂണിസ്‌റ്റ് നേതാവിന്റെ ധീരതയാർന്ന ഇടപെടലുകൾ മറക്കാനാകാത്തതാണ്.
അച്യുതാനന്ദൻ കർഷക തൊഴിലാളി സംഘടനാ നേതാവായത് മുതൽ കോഴിക്കോടുമായി തുടങ്ങിയ അടുപ്പമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് കത്തിക്കയറിയ പ്രസംഗംവരെ ജനഹൃദയങ്ങളിൽ ഇരമ്പിയാർത്തുനിൽക്കുന്നുണ്ട്. ഒരിക്കലും മായാത്ത ഒരേ ഒരു വി എസ് ആവേശസ്‌മൃതിയായി. ജീരകപ്പാറ വനനശീകരണത്തിനെതിരായ സമരമുഖത്ത് നായകനായാണ് വി എസ് കോഴിക്കോട്ട് സജീവമാകുന്നത്. 1990–-93 കാലത്താണത്. പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തിൽ കോടഞ്ചേരി പഞ്ചായത്തിലാണ് ജീരകപ്പാറ വനപ്രദേശം. ഈ നിബിഡവനത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. കാടുകൈയേറുകയും മരം വെട്ടിവെളുപ്പിക്കുകയും ചെയ്‌ത മാഫിയ ഈ ഹരിതാഭയാകെ നശിപ്പിക്കാനൊരുങ്ങി. അതിനെതിരെ ജില്ലാ വനസംരക്ഷണ സമിതി നടത്തിയ ഉശിരൻ സമരങ്ങളിൽ വി എസ് മുൻനിരയിലുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവായിരിക്കെയാണ് വി എസ് ജീരകപ്പാറയിലെത്തുന്നത്. വനസംരക്ഷണ സമിതി കൺവീനറായ മത്തായി ചാക്കോയടക്കമുള്ളവർക്കൊപ്പം അന്ന് മലനിരയിലാകെ വി എസ് എത്തി. വെട്ടിയിട്ട മരങ്ങൾ കാണാൻ മലമുകളിൽവരെ വി എസ് തളരാതെ സാഹസികമായി കയറിയതും മറ്റും ജീരകപ്പാറയിലെ പച്ചപ്പുപോലെ നാട്ടുകാരുടെയും രാഷ്‌ട്രീയ–-പരിസ്ഥിതി പ്രവർത്തകരുടെയും മനസ്സിലുണ്ട്. 1993 മെയ് രണ്ടിന് നടന്ന വിപുലമായ വനസംരക്ഷണ കൺവൻഷൻ ഉദ്‌ഘാടനംചെയ്‌തതും വി എസായിരുന്നു.
ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസ് അട്ടിമറിക്കപ്പെട്ടതിനെതിരായ നിയമയുദ്ധത്തിൽ വി എസ് അവസാനകാലം വരെയും ഇടപെട്ടു. കെ എ റൗഫ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു അന്വേഷണം. എന്നാൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കോടതി കേസ് അവസാനിപ്പിച്ചതിനെതിരെയായിരുന്നു വി എസിന്റെ ഇടപെടൽ. 2017ൽ കോഴിക്കോട് കോടതി മുതൽ ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലെല്ലാം വി എസ് ഹർജികളുമായെത്തി.









0 comments