ഉത്രാടപ്പാച്ചിലിലേക്ക്...

ഉത്രാട തലേന്ന് തിരക്കിലമർന്ന പാളയം എംപി റോഡ്
കോഴിക്കോട് ഓണലഹരിയിലേക്ക് നാടും നഗരവും. അത്തത്തിൽ തുടങ്ങിയ ഓണോഘോഷങ്ങൾക്ക് ഇനി കലാശക്കൊട്ടിന്റെ നാളുകൾ. വ്യാഴാഴ്ച നഗരം ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമരും. മഴ മാറി മാനം തെളിയുന്ന ഇടവേള നോക്കിയാണ് ആളുകൾ ഓണക്കോടിയും പൂക്കളും സദ്യവട്ടത്തിനുള്ളതുമെല്ലാം വാങ്ങിക്കൂട്ടുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മിഠായിത്തെരുവ് ഉൾപ്പെടെ വിവിധയിടങ്ങളിൽ പായസ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വിപണിയിൽ തിളങ്ങി കുടുംബശ്രീ വീട്ടാവശ്യത്തിനുള്ളതെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കി ഓണം കുടുംബശ്രീ വിപണന മേള. പലതരം അച്ചാറുകൾ, ധാന്യപ്പൊടികൾ, പലഹാരങ്ങൾ, ബാഗുകൾ, തുണിത്തരങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങളുമായാണ് സംരംഭകര്‍ ഓണവിപണിയിലെത്തിയത്. ഫിഷറീസ് സാഫിന്റേതുൾപ്പെടെ 17 സ്റ്റാളാണ് മുതലക്കുളത്തെ മേളയിലുള്ളത്. സാരി, ടോപ്പ്, ബെഡ്ഷീറ്റ് തുടങ്ങി കുത്താമ്പുള്ളി കൈത്തറിയുടെ വിവിധ ഉൽപ്പന്നങ്ങൾ മേളയുടെ ആകര്‍ഷകമായി. 450 രൂപ മുതൽ കേരള സാരിയും 550 രൂപയ്ക്ക് രണ്ട് ബെഡ് ഷീറ്റും ലഭിക്കും. കൂന്തൾ, അയക്കൂറ അച്ചാറിനും കൈമ അരി കൊണ്ടുള്ള കലത്തപ്പത്തിനും മുളയരി പായസത്തിനും തലശേരി ബിരിയാണിയക്കുമാണ് ആവശ്യക്കാര്‍ കൂടുതൽ. ചാമ അരി, പനമ്പൊടി, കൂവപ്പൊടി, ഈന്ത് പൊടി, കുന്നക്കായപ്പൊടി തുടങ്ങിയ നാടൻ വിഭവങ്ങൾ അന്വേഷിച്ച് വരുന്നവരുമുണ്ട്.









0 comments