നിഴലാകാൻ *വി എസില്ല, *അവർ മടങ്ങി

ആലപ്പുഴ
മടങ്ങും മുമ്പ് അവർ ഏഴ് പേരും ഒരിക്കൽകൂടി വേലിക്കകത്ത് വീട്ടിലെത്തി. നിഴൽ പോലെ കാവലൊരുക്കാനും വി എസ് ഇല്ലെന്ന വേദനയോടെ. വീട്ടിൽ വലിയ ചിത്രത്തിന് മുന്നിൽനിന്ന് ചിത്രമെടുത്തു. മലയും കുന്നും കയറാനും ഉൗന്നുവടിയാകാനും സദാ ഒപ്പം നടന്നവർ. ഒൗദ്യോഗികമായി ഇനിയൊരു വരവ് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുണ്ടാകില്ല. എം ബിനുകുമാർ, എ ഷിജു, ഒ സിജു, എം എസ് ബിജിത്ത്, ടി ജെ സുനിൽകുമാർ, വി പ്രമോദ് കുമാർ, ജെ രതീഷ്.... വി എസ് അച്യുതാനന്ദന് സുരക്ഷയൊരുക്കി വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന പൊലീസുകാർ. ബിനുകുമാറും ഷിജുവും ഗൺമാൻമാരും സിജുവും ബിജിത്തും റിങ് റൗണ്ടുമായിരുന്നു. മറ്റു മൂന്നുപേരും എസ്കോർട്ട് ഡ്യൂട്ടിയിലും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സെക്യൂരിറ്റി സർവീസിലേക്ക് മടങ്ങും മുമ്പ് വ്യാഴം രാവിലെ ഏഴുപേരുമെത്തി വി എസിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. വൈകാരികമായിരുന്നു യാത്ര പറച്ചിൽ. 15 വർഷമായി വി എസിനൊപ്പമുള്ളയാളാണ് ബിനുകുമാർ. ഒരിക്കലും വിഷു കൈനീട്ടം മുടങ്ങിയിട്ടില്ല. വി എസ് ഇല്ലെങ്കിൽ ചിറ്റ (ഭാര്യ കെ വസുമതി) യോ മകൻ അരുൺകുമാറോ നൽകും. അതു പറഞ്ഞേൽപ്പിക്കാൻ ഒരിക്കലും മറക്കാറില്ല അദ്ദേഹം. സത്യസന്ധതയും സ്നേഹവും കൂടിചേർന്നാൽ അത് വി എസായി. ജോലിയുടെ കാര്യത്തിൽ ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല. നിറഞ്ഞ മിഴികളോടെ ബിനുകുമാർ പറയുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അവസാനം കണ്ടത് ചിറ്റയെയാണ്. ‘ഇനിയും വരണം’ മെന്ന വാക്കുകൾക്ക് പതിഞ്ഞ ഒരു ചിരിയില്ലാതെ എന്ത് പകരം നൽകാൻ.









0 comments