ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
പാളത്തിൽ വീടിന്റെ മേൽക്കൂരയും മരവും പതിച്ചു

റെയിൽവേ ടീം ബേപ്പൂർ മാത്തോട്ടത്ത് റെയിൽപ്പാളത്തിലെ തടസ്സം നീക്കുന്നു
ഫറോക്ക് വീടിന്റെ മേൽക്കൂരയും മരവും പാളത്തിൽ പതിച്ചതിനാൽ - ഷൊർണൂർ–-മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കനത്ത മഴയിലും ചുഴലിക്കാറ്റിലും കല്ലായിക്കും ഫറോക്കിനും ഇടയിൽ ബേപ്പൂർ മാത്തോട്ടത്ത് 659\7 ലൈനിലെ വീടിന്റെ മേൽക്കൂരയും മരവുമാണ് റെയിൽവേ ട്രാക്കിൽ പതിച്ചത്. തിങ്കൾ രാത്രി ഏഴോടെയാണ് സംഭവം. 12 ഓടെ ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത ചുഴലിക്കാറ്റിൽ റെയിൽപാതയ്ക്ക് നൂറുമീറ്ററോളം അകലെയുള്ള ഒരു വീടിന്റെ മേൽക്കൂര പാളത്തിലെ വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. ഇതോടൊപ്പമാണ് സമീപത്തെ വീട്ടുവളപ്പിലെ മാവും പാളത്തിൽ വീണത്. രണ്ടു പാളത്തിലായി വീണതിനാൽ ഇരുപാതകളിലും ഗതാഗതം തടസ്സപ്പെട്ടു. ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം നടന്ന് അൽപ സമയത്തിനകം ഷൊർണൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവന്ന ട്രെയിൻ കുറച്ചകലെയും എതിർ ദിശയിൽ നിന്നെത്തിയിരുന്ന വണ്ടി കല്ലായിയിലും പിടിച്ചിട്ടു. ബേപ്പൂർ പൊലീസും മീഞ്ചന്ത ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തിരൂരിൽ നിന്ന് റെയിൽവെയുടെ ഇലക്‍ട്രിക്കൽ ലെെൻ മെെയിന്റനൻസ് റെസ്ക്യൂ വിഭാഗവും കൊയിലാണ്ടിയിൽ നിന്ന് സർവീസ് യൂണിറ്റും എത്തിയാണ് തടസ്സം നീക്കിയത്.









0 comments