അരങ്ങിനെ സമരവും 
ജീവിതവുമാക്കിയ വിപ്ലവകാരി

എ പി ഉമ്മർ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ  മമ്മൂട്ടിയോടൊപ്പം

എ പി ഉമ്മർ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ മമ്മൂട്ടിയോടൊപ്പം

avatar
ശ്രീനിവാസൻ ചെറുകുളത്തൂർ

Published on Feb 24, 2025, 02:29 AM | 1 min read

കുന്നമംഗലം ജീവിതം അരങ്ങാക്കി മാറ്റി സമൂഹത്തോട്‌ കലഹിച്ച പോരാളി –- എ പി ഉമ്മർ എന്ന കലാകാരനെ കാലം ഓർക്കുന്നത്‌ ഇങ്ങനെയാകും. നാടകത്തിലും അഭ്രപാളിയിലും നിരവധി കഥാപാത്രങ്ങൾക്ക് വേഷപ്പകർച്ച നൽകിയ അതുല്യ കലാകാരനെയാണ് കോഴിക്കോടൻ നാടകവേദിക്ക് നഷ്ടമായിരിക്കുന്നത്. മഞ്ജുള സർക്കസിലെ കാർണിവൽ കലാകാരനിലൂടെയാണ് ഉമ്മറിലെ പ്രതിഭ വളർന്നുവന്നത്. ഒരു വടക്കൻ വീരഗാഥയിലെ കള്ളച്ചുരിക പണിയുന്ന കൊല്ലനായും പരിണയത്തിലെ ചെട്ട്യാരായും ആദിമധ്യാന്തത്തിലെ തെയ്യം ആശാനായും അമ്പതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഗായകൻ, നാടകനടൻ, സിനിമാനടൻ, നാടക രചയിതാവ് തുടങ്ങിയ മേഖലകളിൽ ശോഭിച്ച കലാകാരനായിരുന്നു എ പി ഉമ്മർ. 20-ാം വയസ്സിൽ ഗായകനായി അരങ്ങിലെത്തിയ ഉമ്മർ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയനായത്‌. നാടകത്തെയും സിനിമയെയും വെല്ലുന്നതായിരുന്നു ഉമ്മറിന്റെയും ജീവിത പങ്കാളി കോഴിക്കോട് ശാരദയുടെയും ജീവിതം. നാടകത്തിൽ മാത്രമല്ല ജീവിതത്തിലും നായികാനായകന്മാരായ ഇവർക്ക് മുന്നിൽ മതവും ജാതിയും വഴിമാറി. മുസ്ലിം സമുദായത്തിലെ ഒരാൾ മറ്റൊരു മതത്തിൽനിന്ന്‌ വിവാഹം കഴിക്കുന്നത് ചിന്തിക്കാൻപോലും കഴിയാത്ത കാലത്താണ് ഇവർ വിവാഹിതരാകുന്നത്. തങ്ങളുടെ വിവാഹം സഹോദരങ്ങളുടെ ഭാവിയെ ബാധിക്കരുതെന്ന് കരുതി അവരുടെയെല്ലാം വിവാഹം കഴിയുന്നതുവരെ കാത്തിരുന്നു. ഒടുവിൽ ആഹ്വാൻ സെബാസ്റ്റ്യൻ എന്ന തന്റെ നാടകഗുരുവിന്റെ സാന്നിധ്യത്തിൽ കൽപ്പറ്റയിൽ ഉമ്മർ ശാരദയുടെ കഴുത്തിൽ മിന്നുകെട്ടി. കലാരംഗത്ത് ശാരദ പിന്നിട്ട വഴികളിലെല്ലാം കൈത്താങ്ങായി ഉമ്മറുണ്ടായിരുന്നു. ആഹ്വാൻ സെബാസ്റ്റ്യനാണ് ഇദ്ദേഹത്തെ അരങ്ങിലെത്തിക്കുന്നത്. സൂര്യനുദിക്കാത്ത രാജ്യം, ബന്ധങ്ങൾ, പുതിയ വീട് തുടങ്ങിയ നാടകങ്ങൾക്ക് രചിച്ച ഗാനങ്ങൾ ശ്രദ്ധേയമായി. വാസു പ്രദീപിന്റെ പ്രദീപ് ആർട്സിൽ ആർട്ടിസ്റ്റായി ജോലിയിൽ പ്രവേശിച്ചു. 89-ാം വയസ്സിൽ ജീവിത യവനിക താഴുമ്പോൾ അരങ്ങൊഴിയുന്നത് സംഭവബഹുലമായ ഒരു ജീവിതം തന്നെയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home