മഴ കനക്കുന്നു

ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിൽ
കോഴിക്കോട് ഒരാഴ്‌ചത്തെ ഇടവേളക്കുശേഷം മഴ കനക്കുന്നു. ബുധൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലയിലെ മലയോര മേഖലകളിലും നഗരത്തിലും ഉൾപ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. മരങ്ങൾ വീണും വെള്ളം കയറിയും നാശനഷ്‌ടങ്ങളുണ്ടായി. പലയിടത്തും വൈദ്യുതിപോസ്‌റ്റും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് സ്‌റ്റേഷനിൽ 40.4 മില്ലീമീറ്ററും കൊയിലാണ്ടി സ്‌റ്റേഷനിൽ 46 മില്ലീമീറ്ററും വടകര 28 മില്ലീ മീറ്ററുമാണ് മഴ കിട്ടിയത്. ആനക്കാംപൊയിൽ ഉൾവനത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് ഇരുവഴിഞ്ഞി പുഴയിൽ രാവിലെ മലവെള്ളപ്പാച്ചിലുണ്ടായി. ചെറുകുളത്തൂരിൽ കാറ്റിൽ മരം വീണ് വീടിന് ഭാഗികമായി കേടുപറ്റി. ഈ മാസം ഒന്നുമുതൽ 25വരെ 633.7 മില്ലീമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. 728.6 മില്ലീ മീറ്ററാണ് ഇക്കാലയളവിനുള്ളിൽ ലഭിക്കേണ്ടത്. 13 ശതമാനം കുറവുണ്ടെങ്കിലും ‘നോർമൽ’ വിഭാഗത്തിലാണ് ജില്ല. 19 ശതമാനത്തിനുമുകളിൽ മഴക്കുറവുണ്ടെങ്കിലാണ് കുറവ് രേഖപ്പെടുത്തുന്നത്.









0 comments