മലബാറിലെ പ്രളയവും എ കെ ജിയുടെ കമ്പിസന്ദേശവും

മലബാറിന്‌ പ്രളയദുരിതാശ്വാസം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 1956ൽ എ കെ ജി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‌ അയച്ച കമ്പിസന്ദേശത്തിന്റെ പകർപ്പ്

മലബാറിന്‌ പ്രളയദുരിതാശ്വാസം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ 1956ൽ എ കെ ജി പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‌ അയച്ച കമ്പിസന്ദേശത്തിന്റെ പകർപ്പ്

വെബ് ഡെസ്ക്

Published on Jun 12, 2025, 01:11 AM | 1 min read

കണ്ണൂർ ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ 1956ൽ കണ്ണൂരിൽനിന്ന്‌ ഒരു കമ്പിസന്ദേശമെത്തി. നാട്‌ പ്രളയത്തിൽ മുങ്ങുന്നു. ജനങ്ങൾ ദുരിതത്തിലാണ്‌. സഹായം വേണം. ദിവസങ്ങൾക്കുള്ളിലായിരുന്നു നടപടി. മലബാറിന്‌ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ധനസഹായം. എ കെ ജിയെന്ന ജനപ്രതിനിധിയുടെ ആവശ്യം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‌. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സർക്കാരിന്റെ കാലത്താണ്‌ എ കെ ജി കമ്പിസന്ദേശം അയച്ചത്. കേരള സംസ്ഥാനം രൂപംകൊണ്ടിരുന്നില്ല. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാർ. 1956 ജൂൺ, ജൂലൈ മാസങ്ങളിൽ മലബാറിൽ അതിശക്തമായ മഴയെത്തുടർന്ന്‌ വെള്ളപ്പൊക്കമുണ്ടായി. വലിയ നാശമാണ് സംഭവിച്ചത്‌. തുടർന്നാണ്‌ ലോക്‌സഭയിലെ പ്രതിപക്ഷനേതാവായ എ കെ ജി സഹായം ആവശ്യപ്പെട്ട്‌ സന്ദേശമയച്ചത്‌. കോഴിക്കോട്‌ റീജിണൽ ആർക്കൈവ്‌സിലെ മദ്രാസ് സർക്കാരിന്റെ പബ്ലിക് ഡിപ്പാർട്ട്‌മെന്റ്, ബണ്ടിൽ നമ്പർ 26, സീരിയൽ നമ്പർ 84 ഫയലിൽ ജനപ്രതിനിധിയെന്നനിലയിൽ എ കെ ജിയുടെ ഇടപെടലും കേന്ദ്രസർക്കാരിന്റെയും മദ്രാസ്‌ സർക്കാരിന്റെയും മറുപടിയുമുണ്ട്‌. കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജ്‌ ചരിത്രവിഭാഗം മേധാവിയായിരുന്ന എം സി വസിഷ്‌ഠിന്റെ ഗവേഷണത്തിന്റെ ഭാഗമായാണ്‌ ഈ ചരിത്രരേഖകൾ ലഭ്യമായത്‌. 1956 ജൂൺ 30നാണ് എ കെ ജി, കണ്ണൂർ ആർഎസ്‌ പോസ്‌റ്റ്‌ ഓഫീസിൽനിന്ന്‌ നെഹ്‌റുവിന് കമ്പിസന്ദേശം അയച്ചത്. ‘‘കഴിഞ്ഞ മൂന്നുദിവസമായി കനത്ത മഴയാണ്. വടക്കൻ മലബാറിലുടനീളം പ്രളയമാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വ്യാപകമായ കൃഷിനാശമുണ്ടായിട്ടുണ്ട്. കണ്ണൂരിന്റെ തീരത്ത് കടൽക്ഷോഭമുണ്ട്. കടൽക്ഷോഭം അപകടമായരീതിയിൽ ബേപ്പൂരിനെ ബാധിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ദേശീയ ദുരിതാശ്വാസനിധിയിൽ ആനുകൂല്യം അനുവദിക്കണം’’ –ഇതായിരുന്നു സന്ദേശം. 1952 ലും 57ലും കണ്ണൂരിൽനിന്നുള്ള എംപിയായിരുന്നു എ കെ ജി. 1956 ജൂലൈ ആറിന്‌ കേന്ദ്ര ആഭ്യന്തരവകുപ്പിൽനിന്ന് മദ്രാസ്‌ ചീഫ് സെക്രട്ടറി ഡബ്ല്യു ആർ എസ് സത്യാനന്ദന് അയച്ച കത്തിൽ എ കെ ജിയുടെ കമ്പിസന്ദേശത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. എ കെ ജിയുടെ സഹായ അഭ്യർഥനയ്‌ക്ക്‌ ഒരുമാസം തികയുംമുമ്പ്‌ ഫലമുണ്ടായി. ജൂലൈ 23ന്‌ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽനിന്ന് മലബാറിന് അടിയന്തര സഹായമായി പതിനായിരം രൂപ അനുവദിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home