ഓർമകളിൽ കനലായി താജ്

പി എം താജ് അനുസ്മരണത്തോടനുബന്ധിച്ച് കോഴിക്കോട് ടൗൺ ഹാളിൽ കുട്ടികൾ അവതരിപ്പിച്ച 'നയ്ക്കാതെ ബെയ്ക്കരുത്' നാടകത്തിൽ നിന്ന്
സ്വന്തം ലേഖകൻ കോഴിക്കോട് വേറിട്ട വഴിയിലൂടെ നാടകവേദിയെ ആഴത്തിലുള്ള രാഷ്ട്രീയ അകക്കാമ്പിലേക്കുയർത്തി നാടകത്തെ ജനകീയമാക്കിയ പി എം താജിന് കോഴിക്കോടിന്റെ ആദരം. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘പി എം താജ് ഓർമ @35’ വേറിട്ടതായി. താജ് നാടകങ്ങളുടെ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രസിദ്ധരായ 25 ചിത്രകാരൻമാർ വരച്ച ചിത്രപ്രദർശനത്തിന് ആർട് ഗാലറിയിൽ തുടക്കമായി. നാടക–-സിനിമാനടൻ ഗോപാലകൃഷ്ണനും ചിത്രകാരൻ ഷിബി ബാലകൃഷ്ണനും ചേർന്ന് ഉദ്ഘാടനംചെയ്‌തു. ജയപ്രകാശ് കാര്യാൽ, കെ ആർ മോഹൻദാസ്, സുനിൽ അശോകപുരം, കെ സുധീഷ്, സി ശാന്ത, ശാന്തൻ വേലായുധൻ, കെ വി വിജേഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ നാടകോത്സവം ശിവദാസ് പൊയിൽക്കാവ് ഉദ്‌ഘാടനംചെയ്‌തു. സുരേഷ് കൽപ്പത്തൂർ, ജാനമ്മ കുഞ്ഞുണ്ണി, വിനു നീലേരി എന്നിവർ സംസാരിച്ചു. തുടർന്ന് പുരോഗമന കലാസാഹിത്യ സംഘം കക്കോടി മേഖല നയ്ക്കാതെ ബെയ്ക്കരുത് എന്ന നാടകം അവതരിപ്പിച്ചു. നാടകോത്സവവും കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവർഡ് നേടിയവർക്കുള്ള ആദരവും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്‌ഘാടനംചെയ്‌തു. എ കെ രമേശ് അധ്യക്ഷനായി. അവാർഡ് നേടിയ വിജയൻ വി നായർ, അജിതാ നമ്പ്യാർ എന്നിവർക്ക് വിൽസൺ സാമുവൽ ഉപഹാരം നൽകി. ബഹുസ്വരതയും ജനാധിപത്യവും ആക്രമിക്കപ്പെടുമ്പോൾ എന്ന വിഷയത്തിൽ ഡോ. ടി എസ് ശ്യാംകുമാർ പ്രഭാഷണം നടത്തി. യു ഹേമന്ത് കുമാർ സ്വാഗതവും വി ബിന്ദു നന്ദിയും പറഞ്ഞു. പേരാമ്പ്ര ജിയുപി സ്‌കൂൾ അവതരിപ്പിച്ച കോക്കോ കോക്കോ ക്കോ...!, പ്രോവിഡൻസ് വിമൻസ് കോളേജ് അവതരിപ്പിച്ച ശരീരം, നന്മ പെരുമണ്ണ മേഖല അവതരിപ്പിച്ച തങ്കനാട്ടം നാടകവും അരങ്ങേറി. ഇന്ന് രാവിലെ എട്ടരമുതൽ നാടക സംഘാടന ശിൽപ്പശാല: സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ ഡോ. അഭിലാഷ് പിള്ള ഉദ്‌ഘാടനംചെയ്യും. വൈകിട്ട് നാലരയ്‌ക്ക് അനുസ്മരണ സദസ്സ് മേയർ ബീനാ ഫിലിപ്പ് ഉദ്‌ഘാടനംചെയ്യും. കെ ഇ എൻ പ്രഭാഷണം നടത്തും. ജയപ്രകാശ് കര്യാലിനെയും കെ ആർ മോഹൻദാസിനെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് ഹർഷദ് മിന്റോയുടെ കഥകളെ ആസ്പദമാക്കി കലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകം ‘തമാശ’ അരങ്ങേറും.









0 comments