വില്യാപ്പള്ളിയിൽ സ്റ്റേഡിയം യാഥാർഥ്യമാവുന്നു

വില്യാപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയം നിർമിക്കുന്ന മയ്യന്നൂരിലെ നിലവിലുള്ള മിനി സ്റ്റേഡിയം
വടകര ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളിയിൽ സ്റ്റേഡിയം യാഥാർഥ്യമാവുന്നു. മയ്യന്നൂരിൽ സ്റ്റേഡിയം നിർമിക്കാൻ 1.20 കോടി രൂപ വകയിരുത്തി. സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷവും കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷവും ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയും ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുക. മയ്യന്നൂരിൽ നിലവിലുള്ള മൈതാനത്ത് ആധുനികരീതിയിൽ സ്റ്റേഡിയം നിർമിക്കാൻ പഞ്ചായത്താണ് ഡിപിആർ തയ്യാറാക്കിയത്. മൂന്നുകോടി രൂപയുടെ ഡിപിആറിൽ ആദ്യ ഘട്ടത്തിൽ 1.20 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുക. വോളിബോൾ, ബാഡ്‌മിന്റൺ, ഫുട്ബോൾ കോർട്ടുകളും ചുറ്റുമതിൽ, ഗ്യാലറി ഉൾപ്പെടെ സ്റ്റേഡിയത്തിലുണ്ടാവും. ക്രിക്കറ്റിനായുള്ള സൗകര്യവും ഉണ്ടാവും. മന്ത്രി വി അബ്ദുറഹ്മാന് നിവേദനം നൽകിയതിനെ തുടർന്നാണ് പദ്ധതിക്ക് സർക്കാർ ഫണ്ട് അനുവദിച്ചതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു









0 comments