പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ 
പുരസ്കാരം ഏറ്റുവാങ്ങി

പച്ചത്തുരുത്തുകൾക്കുള്ള ജില്ലാതല പുരസ്കാരം വി കെ പ്രമോദ് 
അടക്കമുള്ളവർ ഏറ്റുവാങ്ങുന്നു
വെബ് ഡെസ്ക്

Published on Sep 18, 2025, 01:31 AM | 1 min read

പേരാമ്പ്ര ഹരിത കേരള മിഷൻ നേതൃത്വത്തിൽ നടത്തിയ മികച്ച പച്ചത്തുരുത്തുകൾക്കുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്‌കാരം പേരാമ്പ്ര എയുപി സ്കൂളിന്. വിദ്യാർഥികൾ പരിചരിച്ച് വളർത്തിയ മുളന്തുരുത്താണ്‌ സ്‌കൂളിനെ പുരസ്‌കാരത്തിന്‌ അർഹമാക്കിയത്‌. സ്കൂൾ നിൽക്കുന്നത് ചെങ്കുത്തായ പ്രദേശത്തായതിനാൽ മഴക്കാലമായാൽ ശക്തമായ മണ്ണൊലിപ്പ് ഭീഷണി നേരിട്ടിരുന്നു. എന്നാൽ പ്രളയകാലത്തുപോലും നല്ല രീതിയിൽ മണ്ണൊലിപ്പ് തടഞ്ഞുനിർത്തി ഗ്രീൻ ബെൽറ്റായി മുളങ്കൂട്ടം മാറുന്നു. നല്ല കാറ്റും ശുദ്ധവായുവും പ്രദാനം ചെയ്യുന്നതോടൊപ്പം മികച്ച കാർബൺ സംഭരണി കൂടിയാണ് ഇവ. വേനൽക്കാലത്ത് പഠനം ക്ലാസ് മുറികളിൽനിന്ന് മാറി മുളന്തുരുത്തിന് ചുവട്ടിലാക്കാനും വിദ്യാലയം ശ്രദ്ധിക്കുന്നു. ഹൈബ്രിഡ് മ‌ഞ്ഞ മുളകളാണ് ഇവിടത്തെ പ്രത്യേകത. വിദ്യാലയത്തിന്റെ വിശാലമായ മൈതാനത്തിനപ്പുറം വ്യത്യസ്ത ഇനം മുളകൾ കൂടിയെത്തിച്ച് തുരുത്ത് വിപുലപ്പെടുത്താനുള്ള ശ്രമവും പുരോഗമിക്കുന്നു. വനം വകുപ്പിന്റെ വിദ്യാവനം പദ്ധതിപ്രകാരം ധാരാളം തൈകൾ മുളന്തുരുത്തിനോട് ചേർന്ന് നട്ടുപിടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം വഴുതക്കാട്‌ ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. എൻ അനിൽ കുമാറിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ്, പ്രധാന അധ്യാപകൻ പി പി മധു, വൈസ് പ്രസിഡന്റ് കെ എം റീന എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ശ്രീലജ പുതിയേടത്ത്, മിനി പൊൻപറ, വിനോദ്‌ തിരുവോത്ത്, സി എ സജു, ടി കെ ഉണ്ണികൃഷ്ണൻ, പി ജോന, ഹരിത, വി ബി ലിബിന എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home