അമേരിക്കയുടെ പ്രതികാരച്ചുങ്കത്തിനെതിരെ പ്രതിഷേധസായാഹ്നം

ട്രേഡ് യൂണിയൻ, കർഷക, കർഷക തൊഴിലാളി സംയുക്ത ജില്ലാസമിതിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ സായാഹ്നം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിഎളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് ഇന്ത്യക്കെതിരെയുള്ള അമേരിക്കയുടെ പ്രതികാരച്ചുങ്ക നടപടിക്കെതിരെയും രാജ്യത്തിന്റെ പരമാധികാരം ട്രംപിന് പണയംവച്ച മോദി സർക്കാരിനുമെതിരെ ട്രേഡ് യൂണിയൻ, കർഷക, കർഷക തൊഴിലാളി സംയുക്ത ജില്ലാ സമിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. അമേരിക്കയുടെ പ്രതികാരച്ചുങ്കത്തിനെതിരെ കേന്ദ്രസർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതികാരച്ചുങ്കം കേരള സന്പദ്ഘടനയെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. സമുദ്രോൽപ്പന്ന കയറ്റുമതിക്ക് ഉൾപ്പെടെ ഇത് ദോഷകരമാകും. ആയിരക്കണക്കിനുപേർ തൊഴിൽരഹിതരാകാൻ സാധ്യതയുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ നയങ്ങൾ മൂന്നാംലോക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട്. കോർപറേറ്റുകളുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് നയങ്ങൾ കൊണ്ടുവരുന്നത്. എന്നാൽ, ജനങ്ങളെ ഭിന്നിപ്പിച്ച് പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തണമെന്നും എളമരം കരീം പറഞ്ഞു. കിസാൻസഭ ജില്ലാ സെക്രട്ടറി രജീന്ദ്രൻ കപ്പള്ളി അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി കെ നാസർ, കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു പറശ്ശേരി, സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്, ജില്ലാ സെക്രട്ടറി എം ഗിരീഷ് എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു.









0 comments