അഭിപ്രായം ജനാധിപത്യത്തിന്റെ ഭാഗമെന്ന് ഓപ്പൺ ഫോറം

മേഖലാ രാജ്യാന്തര ചലച്ചിത്രമേളയിൽ 'റിവ്യൂ; അവലോകനമോ അധിക്ഷേപമോ?' എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ നിന്ന്
കോഴിക്കോട് സിനിമയെക്കുറിച്ചുള്ള അഭിപ്രായം പൊതുമാധ്യമങ്ങളിൽ പറയുന്നത് പുതിയ കാലത്തുവന്ന മാറ്റമാണെന്നും അഭിപ്രായപ്രകടനം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ‘റിവ്യു: അവലോകനമോ അധിക്ഷേപമോ’ ഓപ്പൺ ഫോറം അഭിപ്രായപ്പെട്ടു. റിവ്യു പാടില്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും വിമര്‍ശനങ്ങളെ സ്വീകരിക്കാനാകാത്തവര്‍ സിനിമയെടുത്തിട്ട് കാര്യമില്ലെന്നും സിനിമാ നിരൂപകനായ അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടു. അവലോകനം കൃത്യമായി സിനിമ പഠിച്ച് ചെയ്യേണ്ടതാണെന്നും പെട്ടെന്നുള്ള പ്രതികരണങ്ങൾ അഭിപ്രായം മാത്രമാണെന്നും യഥാര്‍ഥ സിനിമ ഇതൊന്നുമല്ലെന്നും മാധ്യമപ്രവര്‍ത്തക സനിത മനോഹര്‍ പറഞ്ഞു. അഭിനേതാക്കളുടെയോ നിര്‍മാതാക്കളുടെയൊ രാഷ്ട്രീയമോ ജാതിയോ അടിസ്ഥാനമാക്കിയാകരുത് അഭിപ്രായപ്രകടനമെന്നും അവര്‍ പറഞ്ഞു. പ്രത്യേക താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള റിവ്യൂവിനോട് യോജിക്കാനാകില്ലെന്നും അതല്ലാത്ത നിരൂപണങ്ങൾ കലയാണെന്നും സംവിധായിക ഇന്ദുലക്ഷ്മി പറഞ്ഞു. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങളെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് നിര്‍മാതാവ് മാധവൻ നായര്‍ അഭിപ്രായപ്പെട്ടു. സംവിധായകൻ ആര്‍ കെ കൃശാന്ത്, അശ്വിൻ ഭരദ്വാജ് എന്നിവര്‍ സംസാരിച്ചു. ഷാനറ്റ് സിജോ മോഡറേറ്ററായി.









0 comments