മലയോരം ഓണം മൂഡിൽ

മുക്കം അഗ്നി രക്ഷാ നിലയം റീക്രിയേഷൻ ക്ലബ് സംഘ ടിപ്പിച്ച ഓണാഘോഷത്തിലേക്ക് മാവേലി മാനത്ത് നിന്നും സിപ്പ് ലൈനിൽ പറന്നിറങ്ങുന്നു
സ്വന്തം ലേഖകൻ മുക്കം ഇടയ്ക്കിടെ തിമിർത്ത് പെയ്യുന്ന മഴയിലും ആവേശമൊട്ടും ചോരാതെ ഓണാഘോഷ വൈബിലാണ് മലയോരം. പൂക്കളമത്സരങ്ങളും കമ്പവലിയും സദ്യവട്ടങ്ങളും കലാ കായിക മത്സരങ്ങളുമായി മലയോരത്തെങ്ങും സ്ഥാപനങ്ങളുടെയും ക്ലബ്ബുകളുടെയും യുവജന സംഘടനകളുടെയും സ്വാശ്രയ സംഘങ്ങളുടെയും നേതൃത്വത്തിൽ ഓണാഘോഷം പൊടിപൊടിക്കയാണ്. മുക്കം അഗ്നിരക്ഷാ നിലയം റീക്രിയേഷൻ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ മാവേലി മാനത്തുനിന്ന് സിപ്പ് ലൈനിൽ പറന്നിറങ്ങിയത് കാണികൾക്ക് വിസ്മയക്കാഴ്ചയായി. സേന രക്ഷാപ്രവർത്തന വേളയിൽ ഉപയോഗിക്കാറുള്ള റെസ്ക്യൂ സംവിധാനമായ റോപ്പ് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെ ജീവനക്കാർ ഒരുക്കിയതായിരുന്നു സിപ്പ് ലൈൻ. ജീവനക്കാരൻ ഫിജീഷാണ് മാവേലി വേഷം കെട്ടി "പ്രജകൾ’ക്കിടയിലേക്ക് പറന്നിറങ്ങിയത്. മുക്കം എംകെഎച്ച്എംഎംഒ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ നട്ടെല്ലിന് ക്ഷതമേറ്റ ഭിന്നശേഷിക്കാരോടൊപ്പം ഓണം ആഘോഷിച്ചു. സോഷ്യൽ മീഡിയ വൈറൽ ഗായകൻ അദ്നാൻ മുഖ്യാതിഥിയായി. മുക്കം മുസ്ലിം അനാഥശാലാ സിഇഒ വി അബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ അധ്യക്ഷനായി. സ്കൂൾ ലീഡർ ഹെന്ന ഫാത്തിമ സ്വാഗതവും തസ്ലീമ നന്ദി യും പറഞ്ഞു. മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഓണം ആഘോഷിച്ചു. നൂരിയ കോളേജിലെ കുട്ടികളും പ്രതീക്ഷയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. നഗരസഭാ ചെയർമാൻ പി ടി ബാബുവും കൗൺസിലർമാരും പൗരപ്രമുഖരും പങ്കുചേർന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "തിരുവോണം ഫെസ്റ്റ് 2025’ സാംസ്‌കാരിക ഘോഷയാത്രയും ഓണാഘോഷവും സംഘടിപ്പിച്ചു. അനുരാഗ ഓഡിറ്റോറിയത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജീജി കെ തോമസ്, ജനറൽ സെക്രട്ടറി അബ്രാഹം ജോൺ, സിംഗാർ ഗഫൂർ, മുനീർ, ജോജു സൈമൺ, ഷംസുദ്ദീൻ, അനസ് ഷൈൻ, അനൂപ് സാഗർ, നിധിൻ ജോയ്, സുജൻ കുമാർ, ഇ ജെ പീറ്റർ, ഗീരീ ഷ് എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. കൊടുവള്ളി കോ- ഓപ്പറേറ്റീവ് ബാങ്ക് സംഘടിപ്പിച്ച ഓണാഘോഷം പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒപിഐ കോയ അധ്യക്ഷനായി. മുൻ എംഎൽഎ കാരാട്ട് റസാഖ്, കെ ബാബു, ആർ പി ഭാസ്കരൻ, ഒ പി റഷീദ്, കോതൂർ മുഹമ്മദ്, വയോളി മുഹമ്മദ്, റസിയ ഇബ്രാഹിം, ഷംസുദ്ധീൻ പ്രാവിൽ, ഉസ്സൈൻ കുട്ടി , ജയശ്രീ എന്നിവർ സംസാരിച്ചു.









0 comments