കീം പ്രവേശന പരീക്ഷ
മിന്നിത്തിളങ്ങി ജില്ല

കീം 2025 പരീക്ഷാഫലം കോഴിക്കോട്ട് പ്രഖ്യാപിച്ച ശേഷം മന്ത്രി ആർ ബിന്ദു റാങ്ക് ജേതാക്കളെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്നു
സ്വന്തം ലേഖകൻ കോഴിക്കോട് എൻജിനിയറിങ്, ബിഫാം പ്രവേശനത്തിനുള്ള കീം പരീക്ഷയിൽ മികച്ച നേട്ടവുമായി ജില്ല. എൻജിനിയറിങ്ങിൽ മൂന്നും ഏഴും എട്ടും റാങ്കുകളും ബിഫാമിൽ നാലാം റാങ്കും സ്വന്തമാക്കിയാണ് ജില്ല മികവ് പ്രകടിപ്പിച്ചത്. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് സ്വന്തമാക്കിയ കാക്കൂർ സ്വദേശി ബി എൻ അക്ഷയ് ബിജു അഭിമാനമായി. നാലാം റാങ്കുകാരനായ പരപ്പനങ്ങാടി സ്വദേശി ആദിൽ സയാനും ജില്ലയിൽനിന്നാണ് റാങ്ക് പട്ടികയിലുൾപ്പെട്ടത്. ഏഴും എട്ടും റാങ്ക് നേടിയ പന്തീരാങ്കാവ് സ്വദേശി ടി മാഹിർ അലിയും മലാപ്പറമ്പ് സ്വദേശി ഡാനി ഫിറാസും അഭിമാനം വാനോളമുയർത്തി. ഫാർമസി പ്രവേശന പരീക്ഷയിൽ നാലാം റാങ്കുമായാണ് ഫറോക്ക് സ്വദേശി താജുൽ ഫസരി ജില്ലയിൽ ഒന്നാമനായത്. ജില്ലയിൽനിന്നുള്ള 6444 വിദ്യാർഥികളാണ് എൻജിനിയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 128 പേർ ആദ്യ ആയിരത്തിലാണ്. ആദ്യ നൂറുപേരിലും ജില്ല മിന്നുംപ്രകടനമാണ് നടത്തിയത്. 14 പേരുമായി ഈ പട്ടികയിൽ ജില്ല രണ്ടാമതാണ്. ഫാർമസി പ്രവേശന പരീക്ഷയിലും അഭിമാനനേട്ടമാണ സ്വന്തമാക്കിയത്. 2801 പേർ റാങ്ക് പട്ടികയിലുണ്ട്. ഇതിൽ 121 പേർ ആദ്യ ആയിരത്തിലുള്ളവരാണ്. ആദ്യ നൂറിൽ പത്തുപേരുമായി രണ്ടാംസ്ഥാനം സ്വന്തമാക്കാനും ജില്ലയ്‌ക്കായി.









0 comments