മെഡി. കോളേജ് അത്യാഹിതവിഭാഗം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ കൊണ്ടുവരുന്നു
കോഴിക്കോട് മെഡിക്കൽ കോളേജ് പിഎംഎസ്‌എസ്‌വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗവും ഒന്നാം നിലയിലെ അനുബന്ധ തിയറ്ററുകളും പ്രവർത്തനമാരംഭിച്ചു. പുക ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ മെയ് രണ്ടുമുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. രാവിലെ 8 മുതൽ രോഗികളെ പ്രവേശിപ്പിച്ചുതുടങ്ങി. വൈകിട്ട് നാലിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഡോക്ടർമാരുടെ ഡ്യൂട്ടി സംബന്ധിച്ച പ്രയാസം കണക്കിലെടുത്ത് രാവിലെയാക്കുകയായിരുന്നു. എല്ലാവിഭാഗം ഡോക്ടർമാരും അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. മൂന്നോടെ എംആർഐ പ്രവർത്തനമാരംഭിച്ചു. സിടി സ്കാൻ, എക്‌സ്‌റേ എന്നിവയെല്ലാം പ്രവർത്തിച്ചു. 27ന് രണ്ട് മുതൽ നാല് വരെ നിലകൾ തുറക്കും. പിന്നീട് അഞ്ചും ആറും നിലകളും തുറക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, പ്രിൻസിപ്പൽ കെ ജി സജീത്ത് കുമാർ, എംസിഎച്ച് സൂപ്രണ്ട് ഡോ. എം പി ശ്രീജയൻ, അത്യാഹിതവിഭാഗം സൂപ്രണ്ട് ഡോ. പ്രതാപൻ എന്നിവർ സ്ഥിതി വിലയിരുത്തി. രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകൾ പഴയ സ്ഥലത്തേക്ക് പോകാതിരിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. നേരത്തെ, ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അത്യാഹിതവിഭാഗത്തിലെ എംആർഐ യൂണിറ്റിലെ യുപിഎസും ബാറ്ററികളും സജ്ജീകരിച്ച മുറിയിൽ നിന്ന് കറുത്ത പുക ഉയർന്നത്.









0 comments