‘ദേവഹരിത’ത്തിൽ ഒന്നാമത് മണ്ണൂർ ശിവക്ഷേത്രം പച്ചത്തുരുത്ത്

കടലുണ്ടി മണ്ണൂര്‍ ശിവക്ഷേത്രം പച്ചത്തുരുത്ത്
സ്വന്തം ലേഖിക കോഴിക്കോട് കടലുണ്ടി പഞ്ചായത്ത് ആറാം വാർഡിലെ മണ്ണൂർ കുന്നിൻ പ്രദേശത്ത് ശിവക്ഷേത്രം വളപ്പിലെ വരണ്ട് തരിശായി കിടന്ന പ്രദേശം, മരങ്ങളോ സസ്യങ്ങളോ നന്നേ കുറവ്. പച്ചപ്പിനെ സ്‌നേഹിക്കുന്ന കുറേപ്പേർ ചേർന്ന് അവിടെ തടമെടുത്ത് ചെടി നട്ടു, തൈകൾ കുഴിച്ചിട്ടു. തീർന്നില്ല ആവേശം. ജലലഭ്യതയിലെ പ്രതിസന്ധികൾ അതിജീവിച്ച് ദിവസവും വെള്ളവും വളവും നൽകി പരിചരിച്ചു. ആറുവർഷത്തിനിപ്പുറം ആ ഭൂമിയിപ്പോൾ ‘ദേവഹരിതം’ വിഭാഗത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചത്തുരുത്താണ്. 150 ഓളം വൃക്ഷങ്ങളും വള്ളിച്ചെടികളും ചെറു സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും കാടാക്കി മാറ്റിയ ജൈവ വൈവിധ്യത്തിന്റെ ഇൗ കലവറയാണിപ്പോൾ പച്ചപ്പിന്റെ കരുത്തിൽ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ സംസ്ഥാന അവാർഡിൽ ഒന്നാം സ്ഥാനമാണ് മണ്ണൂർ ശിവക്ഷേത്രം പച്ചത്തുരുത്ത് നേടിയത്. ഹരിതകേരളം മിഷൻ 2019 സെപ്‌തംബറിലാണ് ഇൗ പ്രദേശത്തെ പച്ചത്തുരുത്തിനായി തെരഞ്ഞെടുത്തത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ 20 സെന്റിൽ 55 വൃക്ഷത്തൈകൾ നട്ട് ആരംഭിച്ച പച്ചത്തുരുത്ത് 2020ൽ 25 സെന്റിലേക്കും അടുത്ത വർഷം 40 സെന്റിലേക്കും വിപുലീകരിച്ചു. ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളിൽ സസ്യസമ്പത്ത് വർധിപ്പിക്കാനുമായി. വിവിധഘട്ടങ്ങളിലായി 240ൽ അധികം മരങ്ങളാണ് നട്ടത്. ഈ വർഷം ശലഭ ഉദ്യാനത്തിന്റെ നിർമാണവും ആരംഭിച്ചു. പച്ചത്തുരുത്ത് സംഘാടക സമിതിയായി പ്രവർത്തിക്കുന്ന ക്ഷേത്ര ഭരണസമിതി പച്ചത്തുരുത്ത് വിപുലീകരണത്തിലും സംരക്ഷണത്തിലും സജീവമായി ഇടപെടുന്നു. പാറ നിറഞ്ഞ പ്രദേശമായതും ജല ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കൃത്യമായ പരിചരണത്താൽ അതിജീവിച്ചു. മരങ്ങളും കുറ്റിച്ചെടികളും പനകളും ഉൾപ്പെടെ 136 ഇനം സസ്യങ്ങളുണ്ടിവിടെ. 25 ഇനങ്ങൾ തദ്ദേശീയമാണ്. ഇവയിൽ സാലോണിയൻ, ടർണർ, വനപ്പായൽ എന്നിവ വംശനാശഭീഷണി നേരിടുന്നവയാണ്. ഒന്പത് ഇനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ സസ്യങ്ങളാണ്. 68 എണ്ണം ഔഷധസസ്യങ്ങളാണ്. 25 എണ്ണം ഫ്ലോറ ഓഫ് കാലിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത് ഈ പച്ചത്തുരുത്തിന്റെ ജൈവവൈവിധ്യത്തെ സൂചിപ്പിക്കുന്നു. പഠനത്തിന്റെയും ഗവേഷണ പ്രവർത്തനങ്ങളുടെയും ഭാഗമായി നിരവധി അധ്യാപകരും വിദ്യാർഥികളും പച്ചത്തുരുത്ത് സന്ദർശിക്കാറുണ്ട്. പുരസ്‌കാരം ചൊവ്വാഴ്‌ച മുഖ്യമന്ത്രി സമ്മാനിക്കും.









0 comments