കക്കൂസ് മാലിന്യശേഖരണത്തിന് യന്ത്രങ്ങളൊരുങ്ങി

നൂതന സെപ്‌റ്റേജ് ശേഖരണ യന്ത്രമടങ്ങിയ വാഹനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് നഗരത്തിലെ കക്കൂസ് ടാങ്കുകളിൽനിന്ന് മാലിന്യം സുരക്ഷിതമായി ശേഖരിക്കാൻ സെപ്‌റ്റേജ് ശേഖരണ യന്ത്രമൊരുക്കി കോർപറേഷൻ. യന്ത്രമടങ്ങിയ വാഹനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. 4000 ലിറ്റർ ശേഷിയുള്ള രണ്ട് വാഹനവും 6000 ലിറ്റർ ശേഷിയുള്ള ഒരു വാഹനവുമാണ് മാലിന്യശേഖരണത്തിന് ഉപയോഗിക്കുക. അമൃത് പദ്ധതിയിൽ രണ്ടേകാൽ കോടി രൂപ വകയിരുത്തിയാണ് ഇത് വാങ്ങിയത്. ജൻ റോബോട്ടിക് സ്റ്റാർട്ടപ്പ് കമ്പനിയാണ് വാഹനം രൂപകൽപ്പന ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മാലിന്യം ശേഖരിക്കാനാവുമെന്നതാണ് സവിശേഷത. നേരത്തെ സ്വകാര്യവാഹനങ്ങളായിരുന്നു കോർപറേഷൻ ആശ്രയിച്ചത്. ഹൈഡ്രോളിക് ടാങ്ക് ടിൽറ്റിങ് മെക്കാനിസം, ഹൈഡ്രോളിക് പവേർഡ് റിയർ ഡോർ എന്നിവ വഴി എളുപ്പത്തിൽ മാലിന്യം ശേഖരിക്കാനും നീക്കംചെയ്യാനും സാധിക്കും. ജിപിഎസ് സംവിധാനമുള്ളതിനാൽ തത്സമയ വാഹന ട്രാക്കിങ്, നിരീക്ഷണം, ദൈനംദിന ജോലിയുടെ റിപ്പോർട്ടുകൾ എന്നിവയും സാധ്യമാകും. വീടുകളിൽനിന്ന് സെപ്റ്റേജ് മാലിന്യം ശേഖരിച്ച് മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾപ്പെടെയുള്ള ശുദ്ധീകരണ പ്ലാന്റുകളിലേക്ക് എത്തിക്കും. മാൻഹോളുകൾ ശുചീകരിക്കാനും ചാലുകളും വെള്ളക്കെട്ടുകളും വൃത്തിയാക്കാനും വാഹനം സഹായകമാകും. ഉദ്‌ഘാടന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ആരോഗ്യസമിതി അധ്യക്ഷ എസ് ജയശ്രീ സ്വാഗതവും ഹെൽത്ത് ഓഫീസർ മുനവ്വർ റഹ്മാൻ നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മരാമത്ത് സമിതി അധ്യക്ഷൻ പി സി രാജൻ, ഡെപ്യൂട്ടി സെക്രട്ടറി ഷെറി, അരുൺ ജോർജ് എന്നിവർ സംസാരിച്ചു. മാലിന്യശേഖരണത്തിന് ഫോൺ: 9037987988.









0 comments