കുടുംബശ്രീ പെൺകരുത്തിന്റെ മഹാപ്രസ്ഥാനം: മന്ത്രി എം ബി രാജേഷ്

തലക്കുളത്തൂർ (കോഴിക്കോട്) പെൺകരുത്തിന്റെ മഹാപ്രസ്ഥാനമായി മാറിയ കുടുംബശ്രീ രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി എം ബി രാജേഷ്. കാസർക്കോടുമുതൽ തൃശൂർവരെയുള്ള ഏഴ് ജില്ലകളിലെ സിഡിഎസ് ചെയർപേഴ്‌സൺമാരുടെ സംഗമം ‘ഒന്നായി നമ്മൾ’ തലക്കുളത്തൂരിലെ മിയാമി സെന്ററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുഴുവൻ സിഡിഎസുകളിലും നടത്തിയ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടും പ്രകാശിപ്പിച്ചു. ഓണത്തിന് ഒരുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് അടുത്ത ഒരുവർഷത്തിനുള്ളിൽ മൂന്നുലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കും. സ്ത്രീകൾ സംരംഭ രൂപീകരണത്തിൽ ഏറെ മുന്നേറി. ഇനി വരുമാനവർധനയാണ് ലക്ഷ്യം. ഇതിനുവേണ്ടിയാണ് വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് തൊഴിലുകൾ ലഭ്യമാക്കുന്നത്. ഏത് ചുമതലയും ഏറ്റെടുത്ത് വിജയിപ്പിക്കാൻ കഴിയുന്നവരായി കേരളത്തിൽ 48 ലക്ഷം അംഗങ്ങളുള്ള മഹാപ്രസ്ഥാനം മാറി. വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീധനപീഡനങ്ങളും ഇല്ലായ്മചെയ്യാൻ ബോധവൽക്കരണമുൾപ്പെടെ നടത്താൻ കുടുംബശ്രീക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനായി. 7 ജില്ലകളിലെയും വിഷയാവതരണവും തെരഞ്ഞെടുത്ത മികച്ച മാതൃകകളുടെ അവതരണവും ഓപ്പൺ ഫോറവും നടന്നു. സ്‌പെഷൽ സെക്രട്ടറി ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം കെ കെ ലതിക, കെ യു ശ്യാംകുമാർ, സന്തോഷ് കുമാർ, പി കെ റീഷ്മ, പി സി കവിത എന്നിവർ സംസാരിച്ചു.









0 comments