‘കാവ്’ പച്ചത്തുരുത്തിൽ പൂത്തുലഞ്ഞ് വടയിൽ കാവ്

കാവ് വിഭാഗത്തില്‍ പുരസ്കാരം നേടിയ കടലുണ്ടി വടയില്‍ കാവ് പച്ചത്തുരുത്ത്
കോഴിക്കോട് അഞ്ചുവർഷം കൊണ്ട് പൂത്തും കായ്‌ച്ചും മുളപൊട്ടിയും പച്ചപ്പിന്റെ മാന്ത്രികത തീർത്ത വടയിൽ കാവിന് സംസ്ഥാന പുരസ്‌കാരം. ഹരിത കേരള മിഷൻ ഏർപ്പെടുത്തിയ പച്ചത്തുരുത്ത് സംസ്ഥാന പുരസ്‌കാരത്തിൽ ‘കാവ് ’ വിഭാഗത്തിലാണ് കടലുണ്ടി പഞ്ചായത്ത് 14ാം വാർഡിലെ വടയിൽ കാവ് മൂന്നാമതെത്തിയത്. ദേവഹരിതം വിഭാഗത്തിൽ ഒന്നാം സ്ഥാനവും കടലുണ്ടിയ്‌ക്കാണ്. 2020 സെപ്‌തംബറിൽ തുടങ്ങിയ പച്ചത്തുരുത്ത് നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ കാവിന് സമീപത്തെ 50 സെന്റിൽ 93 തൈകളാണ് നട്ടത്. തുടർന്ന് 300ലധികം വൃക്ഷത്തൈകൾ നട്ടു. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തിലായിരുന്നു പരിപാലനം. കാവ് പരിപാലന സമിതിയും തൊഴിലുറപ്പ് പദ്ധതിയും തുടർപരിപാലനം ഏറ്റെടുത്തു. ഹരിത കേരളം മിഷൻ, കടലുണ്ടി പഞ്ചായത്ത് ബിഎംസി, വിവിധ കോളേജ് എൻഎസ്‌എസ് യൂണിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ കൂടുതൽ തൈകൾ നട്ടു. പച്ചത്തുരുത്ത് സംഘാടക സമിതിയായി പ്രവർത്തിക്കുന്ന ക്ഷേത്ര ഭരണസമിതി പച്ചത്തുരുത്ത് വിപുലീകരണത്തിലും സംരക്ഷണത്തിലും സജീവമാണ്. കടലുണ്ടി പുഴയ്‌ക്ക് അടുത്തായതിനാൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം പ്രതിസന്ധിയുണ്ടാക്കിയെങ്കിലും പരിചരണത്താൽ അതിജീവിക്കാനായി. മരങ്ങളും പനയും വള്ളികളും ഉൾപ്പെടെ 88 ഇനം സസ്യങ്ങളാണിവിടെയുള്ളത്. ഒന്പതെണ്ണം തദ്ദേശീയ സസ്യങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന ഒരിനമുണ്ട്. അഞ്ചിനങ്ങൾ പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന തദ്ദേശീയ സസ്യങ്ങളാണ്. 49 ഔഷധ സസ്യങ്ങളും ഫ്ലോറ ഓഫ് കലിക്കറ്റിൽ രേഖപ്പെടുത്താത്ത 17 ഇനങ്ങളുമുണ്ട്.









0 comments