സർപ്രൈസിൽ നാണംകെട്ട് ഡിസിസി
തീര്‍ന്ന്.. എന്നാ കേട്ടത്

പ്രവീൺകുമാറും എം കെ രാഘവൻ എംപിയും (-ഫയൽചിത്രം)
സ്വന്തം ലേഖകൻ കോഴിക്കോട് യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയ സംവിധായകൻ വി എം വിനുവിന് വോട്ടില്ലാത്തതും ഇൗ വിഷയത്തിൽ ഹൈക്കോടതിയിൽനിന്ന് ലഭിച്ച തിരിച്ചടിയിലും നാണംകെട്ട് കോൺഗ്രസ്. സംഭവത്തിൽ കെപിസിസി വിശദീകരണം തേടിയതോടെ കൗൺസിലറെ മറയാക്കി മുഖംരക്ഷിച്ചെടുക്കാനുള്ള ഡിസിസി പ്രസിഡന്റിന്റെ നീക്കത്തിൽ രോഷവുമായി നേതാക്കളും രംഗത്തെത്തി. സംഭവത്തിൽ ജാഗ്രതക്കുറവുണ്ടായെന്നാണ് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ കെപിസിസി നേതൃത്വത്തിന് നൽകിയ വിശദീകരണം. എന്നാൽ, കുറ്റം മലാപ്പറന്പിലെ കൗൺസിലറുടെയും പ്രവർത്തകരുടെയും തലയിൽ കെട്ടിവച്ച് ഒഴിവാകാനുള്ള ബദ്ധപ്പാടിലാണ് ഡിസിസി പ്രസിഡന്റ്. അതേസമയം, പ്രദേശത്തെ കൗൺസിലറായ തന്നോട് ഡിസിസി പ്രസിഡന്റിന് വിശദീകരണം ചോദിക്കാൻ കഴിയില്ലെന്നും താൻ കോൺഗ്രസിന്റെ ഭാരവാഹിയല്ലെന്നും കെ പി രാജേഷ് പറഞ്ഞു. വി എം വിനുവിന് വോട്ട് ഉറപ്പിക്കേണ്ടത് കൗൺസിലർ അല്ലെന്നും ആ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണെന്നുമാണ് രാജേഷിന്റെ വാദം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഡിസിസി നേതൃത്വം തന്നോട് വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്നും രാജേഷ് പറഞ്ഞു. മത്സരരംഗത്ത് ഇല്ലെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെയും എം കെ രാഘവൻ എംപിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് വി എം വിനു സ്ഥാനാർഥിയായത്. പ്രചാരണം തുടങ്ങിയശേഷമാണ് വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് അറിയുന്നത്. പിന്നീട്, നേതാക്കളുടെ നിർദേശാനുസരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തെന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചു. എന്നാൽ, ഹൈക്കോടതിയിൽനിന്ന് അതിന് കണക്കിന് കിട്ടി. നാമനിർദേശ പത്രിക സമർപ്പിക്കാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് കല്ലായി ഡിവിഷനിലെ സ്ഥാനാർഥി വി എം വിനുവിന് അദ്ദേഹത്തിന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് വോട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് വാർത്താസമ്മേളനം വിളിച്ചുചേർത്ത് ‘സർപ്രൈസായി’ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തുവെന്നാണ് പിറ്റേദിവസം ഡിസിസി പ്രസിഡന്റും വി എം വിനുവും മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 2020ൽ അദ്ദേഹം വോട്ട് ചെയ്‌തില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ പ്രദേശത്തെ കൗൺസിലറായിരുന്ന കെ പി രാജേഷും വിനു വോട്ട് ചെയ്‌തെന്ന് പറഞ്ഞിരുന്നു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറും എം കെ രാഘവൻ എംപിയുമാണ് ചർച്ചചെയ്യാതെ തീരുമാനങ്ങളെടുത്ത് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.









0 comments