മസാജ് കേന്ദ്രത്തിൽ അനാശാസ്യം: യുവതികളടക്കം എട്ടുപേർ പിടിയിൽ

പിടിയിലായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു
പേരാമ്പ്ര പേരാമ്പ്രയിൽ ആയുർവേദ വെൽനസ് സെന്റർ ആൻഡ് സ്പായുടെ മറവിൽ അനാശാസ്യം. പൊലീസ് റെയ്‌ഡിൽ സ്ഥാപന നടത്തിപ്പുകാരടക്കം എട്ടുപേർ കസ്റ്റഡിയിൽ. പേരാമ്പ്ര ജൂബിലി റോഡിൽ പ്രവർത്തിക്കുന്ന ആയുഷ് ആയുർവേദ സുഖചികിത്സാ കേന്ദ്രത്തിൽ ബുധൻ പകൽ രണ്ടോടെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. സ്ഥാപന നടത്തിപ്പുകാരൻ പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസ്, ജീവനക്കാരൻ ചെമ്പനോട സ്വദേശി ആന്റോ ഷാജു, ഇടപാടുകാരായ രണ്ട് യുവാക്കൾ, തമിഴ്നാട് സ്വദേശിനികളായ രണ്ടും പാലക്കാട്, എറണാകുളം സ്വദേശികളുമുൾപ്പെടെ നാല് യുവതികളുമടക്കം എട്ടുപേരാണ് പിടിയിലായത്. ഒരുവർഷത്തിലധികമായി ഈ സ്ഥാപനം പേരാമ്പ്രയിൽ പ്രവർത്തിക്കുന്നു. മറ്റ് ജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിന്റെ കീഴിലുള്ള സ്ക്വാഡും പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാറിന്റെ കീഴിലുള്ള സ്ക്വാഡും പേരാമ്പ്ര പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകരടക്കം ജനങ്ങളുടെ വൻ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസർവിൽനിന്നടക്കം കൂടുതൽ പൊലീസെത്തി പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തുനിന്ന് വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. മേപ്പയൂർ ഇൻസ്പെക്ടർ ഇ കെ ഷിജുവിന്റെ നേതൃത്വത്തിൽ എസ്ഐ മനോജ് രാമത്ത്, എഎസ്ഐമാരായ അനൂപ്, സദാനന്ദൻ, സുധാരത്നം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി വിനീഷ്, എൻ എം ഷാഫി, സിപിഒമാരായ സിഞ്ചുദാസ്, കെ കെ ജയേഷ്, രജിലേഷ്, സുജില എന്നിവർ റെയ്ഡിൽ പങ്കെടുത്തു.









0 comments