മർകസ് സ്‌കിൽ സ്‌പിറേഷൻ
യുവജന നൈപുണ്യ സംഗമം ഉദ്ഘാടനം

മർകസ് ഐടിഐയിൽ നടന്ന സ്‌കിൽ സ്‌പിറേഷൻ യുവജന നൈപുണ്യ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
കുന്നമംഗലം ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മർകസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐടിഐയിൽ നടന്ന സ്‌കിൽ സ്‌പിറേഷൻ യുവജന നൈപുണ്യ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ മുഖ്യാതിഥിയായി. ഈ വർഷം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർഥികൾക്കും ജോബ് ഓഫർ ലെറ്റർ ചടങ്ങിൽ കൈമാറി. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാർഥികൾക്കാണ് 30 കമ്പനികളിലായി നിയമനം ലഭിച്ചത്. ഐടിഐയുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴിൽ ദാതാക്കളെയും ആദരിച്ചു. യുവാക്കൾക്കിടയിൽ സംരംഭകത്വവും ശുഭചിന്തകളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ് ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷനായി. ഐടിഐ പൂർവ വിദ്യാർഥികളായ 27 യുവസംരംഭകരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. എൽബിഎസ് ഡയറക്ടർ ഡോ. എം അബ്ദുറഹ്‌മാൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാൽ, ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്, പി കെ ബാപ്പു ഹാജി, ആർജെഡി ജനറൽ സെക്രട്ടറി സലീം മടവൂർ, എസ്‌വൈഎസ് സെക്രട്ടറി കലാം മാവൂർ എന്നിവർ സംസാരിച്ചു. പി മുഹമ്മദ് യൂസഫ് ഹാജി സ്വാഗതവും സി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.









0 comments