ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം
ഹൗസ് -ഫുൾ

മേഖലാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഒരു വടക്കന്‍ വീരഗാഥ സിനിമയില്‍ ബാലതാരങ്ങളായി അഭിനയിച്ച അഭിജിത്ത് ഫ്രാന്‍സിസ്, ഡോ. റോഷന്‍ ബിജിലി, അമ്പിളി, നിര്‍മാതാവ് പി വി ഗംഗാധരന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ മേയര്‍ ബീന ഫിലിപ്പിനൊപ്പം തിയേറ്ററില്‍
കോഴിക്കോട് ലോക സിനിമാക്കാഴ്ചകളുടെ നാല് ദിനരാത്രങ്ങൾക്ക് സാഹിത്യനഗരിയിൽ തിങ്കളാഴ്ച കൊടിയിറങ്ങും. കൈരളി, ശ്രീ, കോറണേഷൻ തിയേറ്ററുകളിൽ മേളയുടെ മൂന്നാംദിനമായ ഞായറാഴ്ച പതിവിലുമേറെ തിരക്കനുഭവപ്പെട്ടു. എല്ലാ പ്രദര്‍ശനങ്ങളും നിറഞ്ഞുകവിഞ്ഞു. മൂന്ന് വേദികളിലായി വിവിധ വിഭാഗങ്ങളിലായി 15 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാവിഭാഗത്തിൽ നാലും മലയാളം സിനിമ ടുഡേ വിഭാഗത്തിൽ മൂന്നും ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. ഷോ തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ ഡെലിഗേറ്റുകളുടെ നീണ്ട നിരയുണ്ടായിരുന്നു. കൈരളി തിയേറ്ററില്‍ തിങ്കൾ വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മന്ത്രി എ കെ ശശീന്ദ്രന്‍ മുഖ്യാതിഥിയാകും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയാകും. തിളങ്ങി മലയാളം ചലച്ചിത്രോത്സവത്തില്‍ തിളങ്ങി കാമ്പുള്ള മലയാള ചിത്രങ്ങൾ. ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, വടുസി സോംബി, വെളിച്ചം തേടി എന്നിവയുൾപ്പെടെ 14 മലയാള ചിത്രങ്ങളും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. സാങ്കേതികത്വംകൊണ്ടും വ്യത്യസ്തതകൊണ്ടും വേറിട്ടുനിന്ന ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണവും ലഭിച്ചു. ഇരുപതുകാരന്‍ സിറിൽ സംവിധാനംചെയ്ത "വടുസി സോംബി', പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച "കാമദേവന്‍ നക്ഷത്രം കണ്ടു', കൃഷാന്ദ് രചിച്ച് സംവിധാനംചെയ്ത "സംഘര്‍ഷ ഘടന', ഇന്ദുലക്ഷ്മി സംവിധാനംചെയ്ത് ഒമ്പത് ദിവസംകൊണ്ട് ചിത്രീകരിച്ച "അപ്പുറം' എന്നിവ വ്യത്യസ്ത അനുഭവം സമ്മാനിച്ചു. മലയാള സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മിക്ക സിനിമകളുടെയും സംവിധായകര്‍ യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. മേളയുടെ ഭാഗമായി ‘ഒരു വടക്കന്‍ വീരഗാഥ' ചിത്രത്തിന്റെ പുനരുദ്ധരിച്ച 4 കെ പതിപ്പിന്റെ പൊതുപ്രദർശനമുണ്ടായി. മേയര്‍ ബീന ഫിലിപ്പ്, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍, നിര്‍മാതാവ് പി വി ഗംഗാധരന്റെ മകളും നിര്‍മാതാവുമായ ഷെര്‍ഗ സന്ദീപ്, അക്കാദമി സെക്രട്ടറി സി അജോയ് എന്നിവര്‍ സംസാരിച്ചു.









0 comments