വേറിട്ട മുഖവുമായി ഹെൽപ്പ് ഡെസ്കും വിശ്രമകേന്ദ്രവും

എൻജിഒ യൂണിയന്റെ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ഹെൽപ്പ് ഡെസ്ക്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നവർക്ക് ചികിത്സയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങൾ അന്വേഷിച്ചു നടക്കേണ്ട. കഴിഞ്ഞ ഒരു വർഷത്തോളമായി എൻജിഒ യൂണിയൻ പ്രവർത്തകർ ഒരുക്കിയ ഹെൽപ്പ് ഡെസ്ക് രോഗികൾക്കും ബന്ധുക്കൾക്കും വലിയ ആശ്വാസമേകുകയാണ്. സംഘടനയുടെ അറുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 2024-ൽ ആണ് ഒപി ഗേറ്റിന് സമീപം ഹെൽപ്പ് ഡെസ്കിന് തുടക്കം കുറിക്കുന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാറാണ് ഉദ്ഘാടനം ചെയ്തത്. യൂണിയന്റെ മെഡിക്കൽ കോളേജ് ഏരിയയുടെ പരിധിയിൽ ജോലി ചെയ്യുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ ഹെൽപ്പ്‌ഡെസ്‌കിൽ സേവനവുമായെത്തുന്നു. ഒപികൾ, ഓഫീസുകൾ, ലാബുകൾ, മരുന്നുവിതരണ കേന്ദ്രങ്ങൾ തുടങ്ങി വിവിധയിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരുന്നതിനും ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങളും നൽകി വരുന്നു. പഴയ അത്യാഹിത വിഭാഗത്തിനു മുന്നിൽ പ്രവർത്തനമാരംഭിച്ച തണൽ വിശ്രമ കേന്ദ്രവും രോഗികൾക്കും കൂടെ വരുന്നവർക്കും ആശ്വാസമേകുന്നു. അൻപത് പേർക്ക് ഒരേ സമയം ഇവിടെ വിശ്രമിക്കാം. കുടിവെള്ളവും ടെലിവിഷൻ സൗകര്യവും ഇവിടെയുണ്ട്. ആശുപത്രിയിൽ നിന്നു നൽകുന്ന പ്രത്യേക പാസ് ഉപയോഗിച്ച് ഓട്ടോമറ്റിക്ക് ഗേറ്റ് തുറന്നാണ് പ്രവേശനം. യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി സജു, ഏരിയാ സെക്രട്ടറി സജീർ, ഏരിയ പ്രസിഡന്റ് ദിജു എന്നിവർ നേതൃത്വം നൽകുന്നു.








0 comments