ഇവിടെ പഠനം മാത്രമല്ല, 
കൃഷിയും സെറ്റാണ്‌ ഗയ്‌സ്‌

ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കൂൺകൃഷി പരിചരിക്കുന്ന വിദ്യാർഥികൾ

ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കൂൺകൃഷി പരിചരിക്കുന്ന വിദ്യാർഥികൾ

വെബ് ഡെസ്ക്

Published on Sep 15, 2025, 01:16 AM | 1 min read

സ്വന്തം ലേഖിക കോഴിക്കോട്‌ കോളേജിൽ പോകുന്നത്‌ എന്തിനെന്ന്‌ ചോദിച്ചാൽ പഠിക്കാനെന്നാവും നമ്മുടെ മറുപടി. എന്നാൽ, ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജിലെ മൂന്നാംവർഷ ബോട്ടണി വിദ്യാർഥികളോട്‌ ചോദിച്ചാൽ ‘പഠിക്കാനും കൃഷിചെയ്യാനും’ എന്നാണ്‌ അവരുടെ ഉത്തരം. ബോട്ടണി വിഭാഗത്തിനോട്‌ ചേർന്ന്‌ സജ്ജീകരിച്ച മുറിയിലേക്കുപോയാൽ ഉത്തരം ഒന്നുകൂടെ വ്യക്തമാകും. നിറയെ വിളഞ്ഞ്‌ പാകമായ മഷ്‌റൂം കാണാം. കർഷകരായി മൂന്നാംവർഷ വിദ്യാർഥികളും. വിപണിയിലേക്കിറങ്ങാൻ ഒരുങ്ങുന്ന കുട്ടികളുടെ സ്വന്തം ‘ദേവ്‌ഷ്‌റൂം’ മഷ്‌റൂം ബ്രാൻഡാണ്‌ ഇവിടെ വിളയുന്നത്‌. പരീക്ഷണത്തിൽ തുടങ്ങിയ മഷ്‌റൂം കൃഷിയിപ്പോൾ 15 കിലോയിലധികം വിളവെടുപ്പുമായി വിപണിയിൽ താരമാകാൻ ഒരുങ്ങുകയാണ്‌. പാഠപുസ്തകത്തിലെ അറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്ന ആശയത്തിൽനിന്നുണ്ടായ ഔട്ട് കം ബേസ്ഡ് എഡ്യുക്കേഷന്റെ ഭാഗമായാണ്‌ മഷ്‌റൂം കൃഷി ആരംഭിച്ചത്‌. 2023ൽ മൂന്നാംവർഷ ബോട്ടണി വിദ്യാർഥികളാണ് തുടക്കമിട്ടത്. 15 ബെഡ്ഡുകളുമായി തുടങ്ങിയ സംരംഭം 90ലധികം മഷ്റൂം ബെഡ്ഡുകളുള്ള യൂണിറ്റായി വളർന്നു. മാനേജ്‌മെന്റ്‌ സജ്ജീകരിച്ച്‌ നൽകിയ പ്രത്യേക മുറിയിൽ ബോട്ടണി വകുപ്പിന്റെ റിവോൾവിങ്‌ ഫണ്ടിൽനിന്നുള്ള പ്രാരംഭ മൂലധനം ഉപയോഗിച്ചാണ്‌ കൃഷി തുടങ്ങിയത്‌. എച്ച്‌യു സ്ട്രെയിൻ വിഭാഗത്തിലെ ചിപ്പിക്കൂണും പിങ്ക് ഓയ്സ്റ്റർ കൂണുമാണ്‌ കൃഷിചെയ്യുന്നത്‌. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ അഗ്രി ബിസിനസ് ഇൻക്യുബേഷൻ സെന്ററാണ് മഷ്റൂം നൽകുന്നത്‌. ബെഡ്ഡ്‌ ഒരുക്കൽ, വിത്തുനിക്ഷേപം, പരിചരണം, വിളവെടുപ്പ്, പാക്കിങ്‌, വിപണനം തുടങ്ങിയവ വിദ്യാർഥികൾ തന്നെ ചെയ്യും. കഴിഞ്ഞ മാർച്ചിൽ 15 കിലോ ഗ്രാമിലധികം കൂണുകൾ വിപണിയിലെത്തിച്ചു. നൂറ്‌ ഗ്രാമിന്‌ നാൽപ്പത്‌ രൂപയാണ്‌. ലാഭം വിദ്യാർഥികൾ പങ്കിട്ടെടുക്കും. വീട്ടിലും മഷ്‌റൂം കൃഷി ഇറക്കാനുള്ള ശ്രമത്തിലാണ്‌ കുട്ടികൾ. ‘ദേവ്‌ഷ്‌റൂം’ ബ്രാൻഡായി ഇറക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ലൈസൻസ്‌ ലഭിച്ചിട്ടുണ്ട്‌. പ്രിൻസിപ്പൽ ഫാ. ഡോ. ബിജു ജോസഫിന്റെയും ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും പിന്തുണയിലുള്ള സംരംഭത്തിന് ബോട്ടണി അധ്യാപിക ഡോ. എസ്‌ എൽ സൗമ്യയാണ്‌ മാർഗനിർദേശം നൽകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home