തട്ടകത്തിൽ തോറ്റ് ഗോകുലം

അടിതെറ്റി ഗോകുലം... കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ പന്തുമായി മുന്നേറുന്നതിനിടയിൽ റിയൽ കശ്മീർ എഫ്സിയുടെ ഹയ്ദാരുടെ പ്രതിരോധത്തിൽ വീഴുന്ന ഗോകുലം കേരള എഫ്സിയുടെ അഡാമ നിയനെ ഫോട്ടോ: വി കെ അഭിജിത്
ഹർഷാദ് മാളിയേക്കൽ
Published on Feb 13, 2025, 02:34 AM | 1 min read
കോഴിക്കോട്
തുടർച്ചയായ തോൽവിയിൽനിന്ന് ആശ്വാസം കണ്ടെത്താനിറിങ്ങിയ ഗോകുലം കേരളയ്ക്ക് നിരാശ. ഐ ലീഗ് ഫുട്ബോളിൽ സ്വന്തം തട്ടകത്തിൽ ഗോകുലത്തിന് തോൽവി. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റിയൽ കശ്മീർ എഫ്സിയോട് 1-–-0ത്തിനാണ് തോറ്റത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ചെങ്കിലും ഗോകുലത്തിന് ഗോൾ കണ്ടെത്താനായില്ല. കളിയുടെ രണ്ടാം പകുതിയിൽ കശ്മീർ ഗോൾ നേടി. 52 മിനിറ്റിൽ കശ്മീരിന് കിട്ടിയ ത്രോ ഗോകുലത്തിന്റെ പ്രതിരോധക്കാരൻ അതുൽ ഹെഡ് ചെയ്തെങ്കിലും വിജയം കണ്ടില്ല. പന്ത് കാലിലാക്കിയ മുഹമ്മദ് ഇനാം കശ്‌മീരിന്റെ ഗോൾ കുറിച്ചു. തുടർന്ന് ആക്രമണം കശ്മീർ ഏറ്റെടുത്തു. ഗോൾ മടക്കാനാവാതെ സ്വന്തം കാണികൾക്ക് മുമ്പിൽ നിരാശയോടെ ഗോകുലം പന്ത് തട്ടി. ആദ്യ പകുതിയിൽ ഇരുകൂട്ടരും ഗോളിനായുള്ള നിരന്തര ശ്രമം നടത്തിയിരുന്നു. 17ാം മിനിറ്റിൽ കശ്മീർ ഗോകുലത്തിന്റെ വലകുലുക്കിയിരുന്നു. ബോക്സിനുപുറത്ത് ഘാന താരം കമാൽ ഇസയുടെ ഷോട്ട് ബാറിൽ തട്ടി തിരിച്ചു. ഈ പന്ത് കരിം സമ്പ് വലയിലാക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ഗോളെന്ന് ഉറപ്പിച്ച അഞ്ച് ഷോട്ടുകൾ തടഞ്ഞിട്ട് കശ്മീർ ഗോൾ കീപ്പർ സാഹിദ് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 17ന് വൈകിട്ട് എഴിനാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ ഡൽഹി ഫുട്ബോൾ ക്ലബ്ബാണ് എതിരാളികൾ.









0 comments