ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ്
സ്‌കൂളുകളിൽ ഇന്ന് അറിവിന്റെ ഉത്സവം

സ്വന്തം ലേഖകൻ കോഴിക്കോട് ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റിന്റെ സീസൺ 14 ന് ചൊവ്വാഴ്ച തുടക്കമാകും. പകൽ രണ്ടിന് ജില്ലയിലെ എല്ലാ സ്കൂളുകളിലും ക്വിസ് മത്സരം നടക്കും. സ്‌കൂൾ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ ഒന്നിന് രാമനാട്ടുകര സേവാമന്ദിർ പോസ്‌റ്റ് ബേസിക് എച്ച്‌എസ്‌എസിൽ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യും. സംസ്ഥാനത്താകെ ഒരേ ചോദ്യങ്ങൾ ഉപയോഗിച്ചാണ് മത്സരം. സ്കൂൾതല മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 27ന് നടക്കുന്ന ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾതല വിജയികൾക്ക് പുസ്തകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകും. ഉപജില്ലാ മത്സര വിജയികൾക്ക് യഥാക്രമം 1000, 500 ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 10,000, 5000 രൂപയും ട്രോഫിയും സർട്ടി-ഫിക്കറ്റും സംസ്ഥാന വിജയിക്ക് ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനം നേടുന്ന വിദ്യാർഥിക്ക് അമ്പതിനായിരം രൂപയുമാണ് സമ്മാനം. ക്വിസ് മത്സരത്തിന് അനുബന്ധമായി ഈ വർഷംമുതൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരവുമുണ്ട്. സ്കൂൾ വിജയികളെ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞടുക്കും. ഉപജില്ലാ വിജയിക്ക് 1000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. സംസ്ഥാന വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും.









0 comments