ആവേശമായി "ഫെമിനിച്ചി ഫാത്തിമ'

മേഖലാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമ 'ഫെമിനിച്ചി ഫാത്തിമ' കാണുന്നവര്‍
കോഴിക്കോട് ഫെമിനിച്ചി ഫാത്തിമ കാണാൻ കൈരളി തിയേറ്ററിന് മുന്നിൽ പൊരിവെയിലിലും തളരാതെ നൂറുകണക്കിന് പേര്‍ കാത്തുനിന്നത് മണിക്കൂറുകൾ. രണ്ടരയുടെ ഷോ കാണാനായി ഉച്ചഭക്ഷണംപോലും കഴിക്കാതെ 12 മണിതൊട്ടേ വരിയിൽ നിൽക്കുന്നവരുമുണ്ടായിരുന്നു. റോഡിന് പുറത്തേക്ക് നീണ്ട വരി സംഘാടകര്‍ ഇടപെട്ട് ക്രമീകരിക്കുകയായിരുന്നു. പ്രദർശനം തുടങ്ങുന്നതിന് മുമ്പുതന്നെ തിയേറ്ററിലെ തറയിലുൾപ്പെടെ ചലച്ചിത്രപ്രേമികൾ സ്ഥാനംപിടിച്ചു. ബാൽക്കണിയും നിറഞ്ഞുകവിഞ്ഞു. മേയര്‍ ബീന ഫിലിപ്പ്, ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ എന്നിവരുൾപ്പെടെ ചിത്രം കാണാനെത്തി. ഫാസിൽ മുഹമ്മദ് സംവിധാനംചെയ്ത ചിത്രം 29ാമത് ഐഎഫ്എഫ്കെയിലും നിറഞ്ഞ കൈയടി നേടിയിരുന്നു. മികച്ച പ്രേക്ഷക ചിത്രത്തിനുൾപ്പെടെ അഞ്ച് പുരസ്കാരങ്ങളും മേളയിൽ നേടി. ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ഫിലിം ക്രിട്ടിക്-സ് പുരസ്കാരം എന്നിവയും ചിത്രം സ്വന്തമാക്കി. പൊന്നാനി പശ്ചാത്തലമായ ചിത്രം വീട്ടമ്മയായ ഫാത്തിമയെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി സമകാലിക പ്രസക്തമായ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്.









0 comments