അബോധാവസ്ഥയിലായ കുഞ്ഞിന് സിപിആർ നൽകി പിതാവ് രക്ഷകനായി

സിപിആർ നൽകി കുട്ടിയെ രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യം
വടകര കരഞ്ഞ് അബോധാവസ്ഥയിലായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് അച്ഛൻ. വടകര അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം വടകര മണിയൂർ കുന്നത്ത്കര പട്ടേരിമീത്തൽ ലിഗിത്താണ് സ്വന്തം കുഞ്ഞിന്റെ രക്ഷകനായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കുഞ്ഞ് നിർത്താതെ ഏറെനേരം കരഞ്ഞതോടെ കുഞ്ഞിന് ശ്വാസം കിട്ടാതാവുകയും അബോധാവസ്ഥയിലുമായി. ഇതോടെ വീട്ടുകാർ ബഹളംവച്ചു. ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആർ നൽകി. ഇതോടെ കുഞ്ഞ് പൂർവസ്ഥിതിയിലായി. കുഞ്ഞിന് മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കുടുംബം പറഞ്ഞു. വീട്ടിലെ സിസിടിവി ദൃശ്യം ലിഗിത്ത് പുറത്തുവിട്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. സിവിൽ ഡിഫൻസ് അംഗമായതുകൊണ്ടാണ് ജീവൻ രക്ഷാ പരിശീലനം ലഭിച്ചതെന്നും അതാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചതെന്നും ലിഗിത്ത് പറഞ്ഞു. കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവസം ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ പെൺകുട്ടിയെ യുവാക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് ഏറെ ചർച്ചയായിരുന്നു.









0 comments