തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിൽ
കായക്കൊടി പഞ്ചായത്തിൽ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു

കുറ്റ്യാടി കുറ്റ്യാടി ചുരം മേഖലയിലും ചൂരണി, വയനാട് വനമേഖലയിലുമുണ്ടായ ശക്തമായ മഴയെ തുടർന്ന് തൊട്ടിൽപാലം പുഴയിൽ മലവെള്ളപ്പാച്ചിൽ. പകൽ രണ്ടരയോടെ ആരംഭിച്ച മലവെള്ളപ്പാച്ചിലിന് വൈകിട്ട് നാലോടെയാണ് ശമനമുണ്ടായത്. മഴ കനത്തതോടെ കായക്കൊടി പഞ്ചായത്തിലെ കുളങ്ങരത്താഴ, മുട്ടുനട, പാലോളി വാർഡുകളിൽ നിന്ന് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. കുളങ്ങരത്താഴ വാർഡിലെ ആരിഫ് മുസ്ല്യാർ, ഫാഹിദ കിളിയിനംകണ്ടി, അമ്മത് ഓത്തിയോട്ട് കുനി, ഹമീദ് പറാട്ടമ്മൽ, സാദത്ത്, കുഞ്ഞമ്മത് ഓത്തിയോട്ട്, സബീബ കല്ലുനിരേമ്മൽ എന്നിവരെയും മുട്ടുനടയിലെ എടച്ചേരിക്കണ്ടി പവിത്രൻ, തോട്ടത്തിൽ കുമാരൻ, പാലോളിയിലെ കോളിക്കൂൽ ചാത്തു എന്നിവരെയുമാണ് ബന്ധു വീട്ടിലേക്ക്മാറ്റിയത്. ഓത്യോട്ട്, മുട്ടുനട, പട്ടർകുളങ്ങര, പാറക്കൽ, തോളോർമണ്ണിൽ, ആക്കൽപള്ളി, കള്ള് ഷാപ്പ് ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട് വീടുകളിലേക്ക് വെള്ളം കയറുന്ന നിലയിലാണ്. കായക്കൊടി പഞ്ചായത്ത് ആറാം വാർഡിലെ ദേവർകോവിൽ പുളിയുള്ളതിൽ ഭാസ്കരന്റെ വീട്ടിലെ കിണർ ആൾമറയടക്കം ഇടിഞ്ഞു താഴ്ന്നു. കാവിലുംപാറ പഞ്ചായത്തിലെ ചോയിച്ചുണ്ടിലെ മൂന്ന് കുടുംബങ്ങളെയും മാറ്റി താമസിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്തിലെ ഊരത്ത് അമ്പലക്കണ്ടി മഹേഷിന്റെ വീട്ടുമുറ്റവും മതിലും ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ നിലം പതിച്ചു. വില്ലേജ് അധികൃതരും കുറ്റ്യാടി പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു.









0 comments