ഭൂമിക്കടിയിൽനിന്ന് സ്ഫോടനശബ്ദം

ചക്കാലക്കൽ ചെമ്പറ്റ ചരുമലയിൽ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞനിലയിൽ
മടവൂർ മടവൂർ പഞ്ചായത്തിൽ ചക്കാലക്കൽ ചെമ്പറ്റചരു മലയുടെ പരിസരപ്രദേശത്ത് ഭൂമിക്കടിയിൽനിന്ന് വൻ സ്ഫോടന ശബ്ദം. വെള്ളിയാഴ്‌ച അർധരാത്രിയിലാണ് സംഭവം. അസാധാരണ ശബ്ദത്തോടൊപ്പം വൈദ്യുതി നിലയ്‌ക്കുകയും ജനൽച്ചില്ലുകളിലും കമ്പികളിലും പ്രകമ്പനം അനുഭവപ്പെടുകയും വീടുകളുടെ ചുറ്റുമതിൽ തകരുകയും ഭൂമിക്ക് വിള്ളലുകൾ സംഭവിക്കുകയും ചെയ്തിരുന്നു. സ്ഥലം പരിശോധന നടത്താൻ ജിയോളജി അധികൃതർ സ്ഥലത്തെത്തുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ല. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ സ്ഥിതിചെയ്യുന്ന ചെമ്പറ്റചരുമല ഭാഗത്താണ് രണ്ടുതവണ ശബ്ദം കേട്ടതെന്ന് പരിസരവാസികൾ പറയുന്നു. ആശങ്കമൂലം ചിലർ വീടുവിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. സ്ഥലത്തെ ഒരു വീടിന്റെ ചുറ്റുമതിൽ തകരുകയും ചിലയിടങ്ങളിൽ മതിലുകൾ ഇടിയുകയും വിള്ളൽ വരികയും ചെയ്തിട്ടുണ്ട്. മടവൂർ വില്ലേജ് ഓഫീസിൽ നാട്ടുകാർ വിവരം അറിയിച്ചതിനാൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കഴിഞ്ഞദിവസം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തഹസിൽദാർ മുഖേന ജില്ലാ കലക്ടർക്കും ജിയോളജി വകുപ്പ് അധികൃതർക്കും റിപ്പോർട്ട് നൽകി.








0 comments