കാഴ്ചക്കാരെ പിടിച്ചിരുത്തി നാടകങ്ങൾ

കോഴിക്കോട് സമകാലിക വിഷയങ്ങൾ ചർച്ചചെയ്യുന്ന നാടകങ്ങളായ തങ്കനാട്ടവും എസ്‌കേപ്പും ആസ്വാദകർക്ക് മുമ്പിലെത്തിച്ച് മാവേലിക്കസ്. ടൗൺഹാളിലെ വേദിയിൽ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു അവതരണം. ക്ഷേത്രമുറ്റങ്ങളിൽ ദൈവവേഷം കെട്ടിയാടി ജീവിക്കുന്ന തങ്കൻ എന്ന ആട്ടക്കാരന്റെ മനോവ്യഥകൾ സമൂഹത്തോട് സംവദിക്കുന്നതാണ് തങ്കനാട്ടം. രചനയും സംവിധാനവും ഗിരീഷ് കളത്തിലാണ്. നന്മ പെരുമണ്ണ അരങ്ങിലെത്തിച്ചു. പ്രദീപ് ഗോപാൽ, മധു പന്തീരാങ്കാവ്, ഗിരീഷ് ഇല്ലത്ത്താഴം, ഉഷ ചന്ദ്രബാബു, അപർണ വിനോദ്, സുഭാഷ്, രാജൻ മുണ്ടുപാലം, അജയൻ തുടങ്ങിയവരാണ് അരങ്ങിലെത്തിയത്. വിനോദ് നിസരി, കെഎംസി പെരുമണ്ണ, അരുൺ, സത്യൻമേഖ തുടങ്ങിയവർ പിന്നണിയിലും അണിനിരന്നു. കേരളത്തിലെ മുപ്പതോളം യുവതീ യുവാക്കളെ അണിനിരത്തിയാണ് കതിർ തിയറ്റർ കലക്റ്റീവ് ‘എസ്‌കേപ്പ്’ നാടകമൊരുക്കിയത്. യുവജനങ്ങളുടെ കുടിയേറ്റവും അവർ പൊതുഇടങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് നാടകത്തിലുള്ളത്. ഛന്ദസാണ് രചനയും ഡിസൈനും സംവിധാനവും. ജി എസ് അനന്തകൃഷ്‌ണനാണ് ആർട്ട്.









0 comments