സിഐടിയു നേതാക്കൾ സെൻട്രൽ മാർക്കറ്റിലെത്തി
ആശങ്കകൾ അടിസ്ഥാനരഹിതം; തൊഴിൽ സംരക്ഷണം ഉറപ്പാക്കും: സിഐടിയു

കോഴിക്കോട് സെൻട്രൽ മാർക്കറ്റ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും എല്ലാവർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കുമെന്നും സിഐടിയു ജില്ലാ കമ്മിറ്റി അറിയിച്ചു. തൊഴിൽ നഷ്‌ടപ്പെടുമെന്ന രീതിയിൽ ചിലർ തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്നവരെ ഒറ്റപ്പെടുത്താൻ തൊഴിലാളികൾ മുന്നോട്ടുവരണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആശങ്കകളും സംശയങ്ങളും കേൾക്കാനും ദുരീകരിക്കാനുമായി സിഐടിയു നേതാക്കൾ മാർക്കറ്റ് സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, ട്രഷറർ പി കെ സന്തോഷ്, ജില്ലാ സെക്രട്ടറി സി നാസർ എന്നിവരാണ് മാർക്കറ്റിലെത്തി തൊഴിലാളികളെ കണ്ട് സംസാരിച്ചത്. തൊഴിലാളികൾക്ക് ആവശ്യമായ സ്ഥലസൗകര്യം ഉറപ്പാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. മുഴുവൻ പേരുടെയും തൊഴിൽ സംരക്ഷിച്ചുമാത്രമേ മാർക്കറ്റ് പുതുക്കിപ്പണിയുകയുള്ളൂ എന്നും അതിനായി സിഐടിയു തൊഴിലാളികൾക്കൊപ്പം നിലകൊള്ളുമെന്നും ബോധ്യപ്പെടുത്തി. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാണ് നിലവിലെ മാർക്കറ്റ് പരിസരത്ത് താൽക്കാലികമായി തൊഴിലെടുക്കാനുള്ള സൗകര്യം ഉറപ്പാക്കിയത്. പുതിയ മാർക്കറ്റ് വരുമ്പോൾ നിലവിലെ മുഴുവൻ തൊഴിലാളികൾക്കും തൊഴിലുറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമായി സിഐടിയു നിലകൊള്ളുമെന്നും നിർമാണം ആരംഭിക്കുംമുമ്പ് കോർപറേഷനിൽനിന്ന് ആ ഉറപ്പ് വാങ്ങിയെടുക്കുമെന്നും അറിയിച്ചു.









0 comments