തെരുവുനായകളുടെ വിളയാട്ടത്തിൽ വിറച്ച് ചെറുവണ്ണൂർ

ഫറോക്ക് തെരുവുനായകളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി ചെറുവണ്ണൂരും പരിസര പ്രദേശങ്ങളും. അങ്ങാടികളിലും ഉൾപ്രദേശങ്ങളിലും രാപകലില്ലാതെ നായ്‌ക്കളുടെ കൂട്ടമായുള്ള ആക്രമണം ഭയന്ന് ജനം പുറത്തിറങ്ങാൻ ഭയക്കുകയാണ്. കാൽ നടയാത്രക്കാരും വാഹന യാത്രികരും ഒരുപോലെ ദുരിതത്തിലാകുന്നു. നായ്ക്കൾ വട്ടംചാടി അപകടങ്ങളും പതിവാണ്. ചെറുവണ്ണൂർ കൊളത്തറ റോഡ്, സമീപ പ്രദേശങ്ങളായ അറക്കൽ പാടം, കണ്ണാട്ടിക്കുളം, കൊളത്തറ ചുങ്കം, ബി സി റോഡ്, മധുര ബസാർ, ക്യാപ്റ്റൻ സന്ദീപ് ഉണ്ണികൃഷ്ണൻ റോഡ്, തോണിച്ചിറ റോഡ്, യു സി റോഡ്, ചാമപ്പറമ്പ്, പാലാറ്റിപ്പാടം, മദ്രസങ്ങാടി, റഹ്മാൻ ബസാർ തുടങ്ങി കോർപറേഷനിലെ നിലവിലെ 43, 44, 45, 46 ഡിവിഷനുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും പേടിയിലാണിപ്പോൾ. കഴിഞ്ഞ ദിവസം കൊളത്തറയ്ക്കുസമീപം അറക്കൽ പാടത്ത് ബസിറങ്ങി വീട്ടിൽ പോകുന്നതിനിടെ കാക്കച്ചിപ്പറമ്പിൽ സ്നേഹലത(67)യെയും രക്ഷപ്പെടുത്താനെത്തിയ എടോടി പറമ്പിൽ സുധ(52)യെയും തെരുവുനായ കടിച്ചുകീറി. ഗുരുതര പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മേഖലയിൽ ഏറെനാളായി തെരുവുനായ്ക്കളുടെ ഉപദ്രവം കാരണം സ്കൂളിലും മദ്രസകളിലും പോകുന്ന കുട്ടികളും സ്ത്രീകളും ഭയപ്പാടിലാണ്. പുഴയോരത്തും ഒഴിഞ്ഞ സ്ഥലങ്ങളിലും അറവുമാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പെരുകുന്നതിനാൽ ഇതു ചുറ്റിപ്പറ്റി നായ്ക്കളും കൂട്ടത്തോടെ തമ്പടിക്കുന്നതും ജനങ്ങൾക്ക് ഉപദ്രവമായി മാറുന്നു. ചെറുവണ്ണൂർ - കൊളത്തറ റോഡ്, മോഡേൺ - കൊളത്തറ റോഡ്, ബി സി റോഡ്, തോണിച്ചിറ റോഡ് എന്നിവിടങ്ങളിൽ ഇരുചക്ര വാഹനയാത്രികർക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണവും ഇതേ തുടർന്നുള്ള വാഹനാപകടങ്ങളും പതിവാണ്.









0 comments